ഹാമില്‍ട്ടണ്‍: വനിത ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന സെഡൻ പാർക്കില്‍ കിവീസ് നിരയെ ബൗളിങ് മികവിലൊതുക്കാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ലക്ഷ്യമിടുന്നത്.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നേടിയ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുള്ളത്. മുന്‍നിര ബാറ്റര്‍മാര്‍ മങ്ങിയ മത്സരത്തില്‍ ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ പാക് നിരയെ 107 റണ്‍സിന് തോല്‍പ്പിച്ചത്.
അതേസമയം വെസ്റ്റ്‌ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം ബംഗ്ലാദേശിനെതിരായ ആധികാരിക ജയത്തിന്‍റെ കരുത്ത് കിവീസിന് തുണയാണ്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ഓപ്പണര്‍ ഷഫാലി വര്‍മ്മയ്ക്ക് പകരം യാസ്തിക ഭാട്ടിയ ടീമിലിടം നേടി. ന്യൂസിലന്‍ഡ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല. അടുത്തിടെ സമാപിച്ച അഞ്ച് മത്സര പരമ്പരയില്‍ നാല് മത്സരങ്ങളും നേടി കിവീസ് ആധിപത്യം പുലര്‍ത്തിയിരുന്നു.
മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയിലാണ് കിവീസ്. അമേലിയ കെർ(48*), ആമി സാറ്റർത്ത്‌വെയ്റ്റ് (22*) എന്നിവരാണ് ക്രീസില്‍.
സൂസി ബേറ്റ്സ് (5), ക്യാപ്റ്റന്‍ സോഫി ഡിവൈൻ (35) എന്നിവരാണ് പുറത്തായത്. സൂസി ബേറ്റ്സിനെ പൂജ വസ്‌ത്രാകർ റണ്ണൗട്ടാക്കിയപ്പോള്‍, സോഫി ഡിവൈനെ താരം തന്നെ റിച്ചാ ഘോഷിന്‍റെ കൈകളിലെത്തിച്ചു.