പൂനെ: വനിത ടി20 ചലഞ്ച് ഫൈനലില്‍ സൂപ്പര്‍ നോവാസിനെതിരെ വെലോസിറ്റിക്ക് 166 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍ നോവാസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 165 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ദേന്ദ്ര ഡോട്ടിന്‍റെ പ്രകടനമാണ് വെലോസിറ്റിക്ക് നിര്‍ണായകമായത്.
44 പന്തില്‍ 62 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (29 പന്തില്‍ 43), പ്രിയ പൂനിയ (29 പന്തില്‍ 28) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍ നോവാസിന് മികച്ച തുടക്കമാണ് ഡോട്ടിനും പ്രിയ പൂനിയയും നല്‍കിയത്.
ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സാണ് ഇരുവരും ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. പ്രിയ പൂനിയയെ പുറത്താക്കി സിമ്രാന്‍ ബഹാദൂറാണ് വെലോസിറ്റിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മോശമാക്കിയില്ല.
58 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഡോട്ടിനൊപ്പം ഹര്‍മന്‍പ്രീത് ഉയര്‍ത്തിയത്. എന്നാല്‍ 15ാം ഓവറില്‍ ഡോട്ടിനെ ദീപ്‌തി ശര്‍മ പുറത്താക്കി. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് ഡോട്ടിന്‍റെ പ്രകടനം.
തുടര്‍ന്ന് എത്തിയ പൂജ വസ്‌ത്രക്കര്‍ക്ക് (5) പിന്നാലെ ഹര്‍മന്‍പ്രീതും തിരിച്ച് കയറിയതോടെ സൂപ്പര്‍ നോവാസ് പ്രതിരോധത്തിലായി. പിന്നീടെത്തിയ സോഫി എക്‌സിസ്റ്റണ്‍ (2), സുനെ ലൂസ് (3), ഹര്‍ലിന്‍ ഡിയോള്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി.
അലന കിങ് (6) പുറത്താവാതെ നിന്നു. വെലോസിറ്റിക്കായി കേറ്റ് ക്രോസ്, ദീപ്‌തി ശര്‍മ, സിമ്രാന്‍ ബഹാദൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. അയബോങ്ക ഖാകയ്‌ക്ക് ഒരു വിക്കറ്റുണ്ട്.