ഹാമില്‍ട്ടണ്‍: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ വെസ്റ്റ്‌ഇന്‍ഡീസ് ടീമിന് തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് വിന്‍ഡീസ് ടീമിന് പിഴ ശിക്ഷ ലഭിച്ചു. മാച്ച് ഫീയുടെ 40 ശതമാനമാണ് താരങ്ങള്‍ പിഴയൊടുക്കേണ്ടത്.
ഓൺ ഫീൽഡ് അമ്പയർമാരായ എലോയിസ് ഷെറിഡൻ, പോൾ വിൽസൺ, തേർഡ് അമ്പയർ അഹമ്മദ് ഷാ പക്തീൻ, ഫോർത്ത് അമ്പയർ രുചിര പള്ളിയഗുരുഗെ എന്നിവരാണ് കുറ്റം ചുമത്തിയത്. നടപടി ഐസിസി ഇന്‍റർനാഷണൽ റഫറി ഷാൻഡ്രെ ഫ്രിറ്റ്‌സ് അംഗീകരിച്ചു.
നിശ്ചയിച്ചിരുന്ന സമയത്തിന് രണ്ട് ഓവര്‍ കുറവാണ് സ്റ്റാഫാനി ടെയ്‌ലറുടെ സംഘം വരുത്തിയതെന്നാണ് കണ്ടെത്തല്‍. ഐസിസിയുടെ നിയമ പ്രകാരം കുറവ് വരുന്ന ഓരോ ഓവറിനും കളിക്കാരുടെ മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തുക. രണ്ട് ഓവര്‍ കുറവ് വരുത്തിയതിനാലാണ് വിന്‍ഡീസ് ടീമിന് 40 ശതമാനം പിഴ ലഭിച്ചത്.
also read: ലോക ഒന്നാം നമ്പർ താരം വിക്‌ടർ അക്‌സെല്‍സനെ അട്ടിമറിച്ച് ലക്ഷ്യ സെൻ ഫൈനലിൽ
മത്സരത്തില്‍ 155 റണ്‍സിന്‍റ വമ്പന്‍ തോല്‍വിയാണ് വെസ്റ്റ്‌ഇന്‍ഡീസ് വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 40.3 ഓവറില്‍ 162 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സെഞ്ച്വറികളുമായി സ്‌മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍, ബൗളിങ്ങില്‍ സ്‌നേഹ റാണ മൂന്നും മേഘ്‌ന സിങ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.