സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ വിജയ വഴിയില്‍ തിരിച്ചെത്തി. 59 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിനെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഇന്നലെ ചിരവൈരികളായ പാകിസ്ഥാനോടാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയായിരുന്നുവിത്. 29 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. ഫർഗാന ഹോക്ക് (40 പന്തില്‍ 30), മുർഷിദ ഖാത്തൂൺ (25 പന്തില്‍ 21) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.
ഇന്ത്യയ്‌ക്കായി ദീപ്‌തി ശര്‍മ, ഷഫാലി വര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. രേണുക സിങ്, സ്‌നേഹ് റാണ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും ബംഗ്ലാദേശിന് വിജയ പ്രതീക്ഷ ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫർഗാന ഹോക്ക്-മുർഷിദ ഖാത്തൂൺ സഖ്യം ആതിഥേയര്‍ക്ക് നല്‍കിയത്.
ഒന്നാം വിക്കറ്റില്‍ 9.1 ഓവറില്‍ 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മുർഷിദയെ സ്‌നേഹ് റാണയുടെ കയ്യിലെത്തിച്ച് ദീപ്‌തി ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ ഫർഗാനയും മടങ്ങി. വണ്‍ഡൗണായെത്തിയ നിഗർ സുൽത്താന ഒരറ്റത്ത് നിന്നെങ്കിലും റുമാന അഹമ്മദ് (0), റിതു മോനി (4) എന്നിവര്‍ വന്ന പാടെ മടങ്ങി.
19-ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് നിഗർ സുൽത്താന തിരിച്ച് കയറുന്നത്. ഷഫാലി വര്‍മയുടെ പന്തില്‍ താരത്തെ വിക്കറ്റിന് പിന്നില്‍ റിച്ച ഘോഷ് പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ഫാഹിമ ഖാത്തൂൺ (1), ലത മൊണ്ടാൽ (1) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നഹിദ അക്തർ(0), സൽമ ഖാത്തൂൺ (5) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 159 റണ്‍സെടുത്തത്. ഷഫാലി വര്‍മ അര്‍ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങി. 44 പന്തില്‍ 55 റണ്‍സാണ് ഷഫാലി നേടിയത്.
മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന-ഷഫാലി വര്‍മ സഖ്യം നല്‍കിയത്. 12 ഓവറില്‍ 96 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. സ്‌മൃതിയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടമായത്. 38 പന്തില്‍ 47 റണ്‍സെടുത്ത സ്‌മൃതി റണ്ണൗട്ടാവുകയായിരുന്നു.
പിന്നാലെ ഷഫാലിയും വീണു. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിങ്‌സ്. വണ്‍ഡൗണായെത്തിയ ജെമീമ റോഡ്രിഗസ് ഒരു വശത്ത് നിലയുറപ്പിച്ചെങ്കിലും തുടര്‍ന്നെത്തിയവര്‍ വേഗം തിരിച്ച് കയറിയതോടെ ഇന്ത്യ കിതച്ചു.
റിച്ച ഘോഷ് (4), കിരണ്‍ നാവ്‌ഗിരെ (0), ദീപ്‌തി ശര്‍മ (10) എന്നിവര്‍ വേഗം തിരിച്ച് കയറി. പുറത്താവാതെ ജെമീമ നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. 24 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്. പൂജ വസ്‌ത്രാകറും (10) പുറത്താവാതെ നിന്നു.
ബംഗ്ലാദേശിനായി റുമാന അഹമ്മദ് മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സൽമ ഖാത്തൂൺ ഒരു വിക്കറ്റും സ്വന്തമാക്കി.
also read: IND vs SA: ദീപക് ചഹാറിന് പകരം വാഷിങ്‌ടൺ സുന്ദര്‍; സ്ഥിരീകരിച്ച് ബിസിസിഐ