മുംബൈ: രാജ്യത്തെ കായിക മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഒളിമ്പിക്‌സിൽ ഹോക്കി പോലുള്ള കായിക ഇനങ്ങൾക്ക് കൂടുതൽ മെഡലുകൾ നേടാൻ സാധിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിന്‍റെ ഫലമായാണ് ഇന്ത്യയിൽ ക്രിക്കറ്റ് പുതിയ ഉയരങ്ങളിൽ എത്തിയതെന്നു കപിൽദേവ് കൂട്ടിച്ചേർത്തു.
'ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ആദ്യം മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ കുട്ടികൾക്ക് ഇഷ്‌ടമുള്ള ഏത് കായിക ഇനവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം ഉണ്ടാകും. കപിൽ ദേവ് പറഞ്ഞു.
മറ്റ് കായിക ഇനങ്ങൾക്കും പ്രാധാന്യം നൽകണം: അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതിന്‍റെ ഫലമായാണ് രാജ്യത്ത് ക്രിക്കറ്റ് പുതിയ ഉയരങ്ങളിലെത്തിയത്. ഇതുപോലുള്ള സൗകര്യങ്ങൾ മറ്റ് കായിക ഇനങ്ങളിൽ പ്രത്യേകിച്ച് ഹോക്കിയിൽ ഒരുക്കണം. എങ്കിൽ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഒളിമ്പിക് മെഡലുകൾ ഹോക്കിയിൽ ഇന്ത്യക്ക് നേടാൻ സാധിക്കും, കപിൽ ദേവ് പറഞ്ഞു.
കഴിഞ്ഞ 40 വർഷമായി കായിക മേഖലയിൽ പ്രവർത്തിക്കുന്നൊരാളാണ് ഞാൻ. എടുത്ത് പറയേണ്ട കാര്യം ഇക്കാലത്ത് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ മൈതാനത്തേക്ക് കൊണ്ടുവന്ന് അവരെ ഒരു മികച്ച കായിക താരം ആക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ പണ്ട് കാലത്തെ രക്ഷിതാക്കൾ ഇങ്ങനെയായിരുന്നില്ല. കപിൽ ദേപ് പറഞ്ഞു.
ALSO READ: തിരിച്ചു വരവിനായി ഇന്ത്യ; സൗഹൃദ മത്സരത്തിൽ ഇന്ന് ബെലാറൂസിനെ നേരിടും
പ്രോത്സാഹനം വീട്ടിൽ നിന്ന്: അതേസമയം കുട്ടികൾക്കുള്ള പ്രോത്സാഹനം ആദ്യം നൽകേണ്ടത് മാതാപിതാക്കളാണെന്ന് ഒളിമ്പ്യൻ അഞ്ജു ബേബിജോർജ് പറഞ്ഞു. ഒരു പരിശീലകരെന്ന നിലയിൽ നമ്മെക്കൊണ്ടാകുന്നതൊക്കെ കുട്ടികൾക്കായി ചെയ്യാൻ സാധിക്കും. പക്ഷേ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ പരിശീലനത്തിന് അയക്കാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾക്കെങ്ങനെ അവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും.
തന്‍റെ അക്കാദമിയായ അഞ്ജു ബോബി സ്‌പോർട്‌സ് നിലവിൽ ജൂനിയർ തലത്തിൽ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ഷൈലി സിങ് ഉൾപ്പെടെ 16 കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. 2024-ലോ 2028-ലോ എന്‍റെ വിദ്യാർഥികളിൽ ഒരാൾക്കെങ്കിലും പോഡിയം ഫിനിഷിങ് ലഭിക്കുമെന്നാണ് പ്രതീക്ഷ. താൻ ഇപ്പോഴും തന്‍റെ സ്വപ്‌നത്തെ പിന്തുടരുകയാണെന്നും അഞ്ജു കൂട്ടിച്ചേർത്തു.