മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങുകയാണ്. ട്രിനിഡാഡിലെ ആദ്യ ടി20യില്‍ ആതിഥേയരോട് ഏറ്റ നാല് റണ്‍സിന്‍റെ തോല്‍വിയുടെ ക്ഷീണം മാറ്റാനാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ടീമിന്‍റെ പ്ലെയിങ് ഇലവനില്‍ സുപ്രധാന മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ (Wasim Jaffer).
ഇഷാൻ കിഷന്‍റെ (Ishan Kishan) സ്ഥാനത്ത് യശസ്വി ജയ്‌സ്വാളിന് (Yashasvi Jaiswal) അവസരം നല്‍കണമെന്നാണ് വസീം ജാഫർ ആവശ്യപ്പെടുന്നത്. ടി20 ഫോര്‍മാറ്റിലെ ഇഷാന്‍റെ ഫോമില്‍ തനിക്ക് ആശങ്കയുണ്ടെന്നാണ് വസീം ജാഫര്‍ പറയുന്നത്. ഫോര്‍മാറ്റിലെ കഴിഞ്ഞ 15 ഇന്നിങ്‌സുകള്‍ നോക്കുമ്പോള്‍ ഇഷാന് കാര്യമായി റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്‌ട്രൈക്ക് റേറ്റ് വളരെ താഴ്‌ന്നതാണെന്നും വസീം ജാഫര്‍ ചൂണ്ടിക്കാട്ടി. ആദ്യ ടി20യിൽ 25-കാരനായ ഇഷാന്‍ കിഷന് ഒമ്പത് പന്തിൽ ആറ് റൺസ് മാത്രമേ നേടാനായിരുന്നുള്ളൂ.
"വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ യശസ്വി ജയ്‌സ്വാളിന് അവസരം നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്. തീര്‍ച്ചയായും ഇഷാന്‍ കിഷന്‍റെ സ്ഥാനത്ത് ഓപ്പണറായാണ് അവന്‍ കളിക്കേണ്ടത്. കാരണം ടി20 ഫോര്‍മാറ്റില്‍ ഇഷാൻ കിഷന്‍റെ ഫോം എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ 15 ഇന്നിങ്‌സുകള്‍ പരിശോധിക്കുമ്പോള്‍, ഒരു ഇന്നിങ്‌സില്‍ പോലും 40 റണ്‍സെങ്കിലും അവന് നേടാന്‍ കഴിഞ്ഞിട്ടില്ല. സ്‌ട്രൈക്ക് റേറ്റിന്‍റെ കാര്യം നോക്കുകയാണെങ്കില്‍ അതും വളരെ കുറവാണ്. ഏകദിനത്തില്‍ അവന്‍ മികച്ച ഫോമിലായിരിക്കാം. എന്നാല്‍ ടി20 തീര്‍ത്തും വ്യത്യസ്‌തമായ ഫോര്‍മാറ്റാണ്. കഴിഞ്ഞ ഐപിഎല്‍ നോക്കുകയാണെങ്കിലും ഇഷാനെ സംബന്ധിച്ച് ഒരു സാധാരണ സീസണായിരുന്നു അത്' - വസീം ജാഫര്‍ പറഞ്ഞു.
ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണിലെ മിന്നും ഫോം യശസ്വി ജയ്‌സ്വാളിന് അവസരം നൽകാനുള്ള കാരണമാണെന്നും 45-കാരനായ വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു. "ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ ഒരു താരത്തിന് എന്തുകൊണ്ട് അവസരം നൽകിക്കൂട എന്നതാണ് എന്‍റെ ചോദ്യം. ടൂര്‍ണമെന്‍റിലെ എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം യശസ്വി ജയ്‌സ്വാളിനാണ് ലഭിച്ചത്.
അവന്‍ തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. ഇഷാനെ മാറ്റി ആ സ്ഥാനത്ത് ജയ്‌സ്വാളിനെ കളിപ്പിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്"- വസീം ജാഫര്‍ പറഞ്ഞുനിര്‍ത്തി.
അതേസമയം പരമ്പരയിലെ രണ്ടാം ടി20 ഇന്ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് തുടങ്ങുക. വിജയിക്കാനായാല്‍ അഞ്ച് മത്സര പരമ്പരയില്‍ വിന്‍ഡീസിന് ഒപ്പമെത്താന്‍ സന്ദര്‍ശകര്‍ക്ക് കഴിയും.
ഇന്ത്യന്‍ സ്‌ക്വാഡ് : ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക്.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ജോണ്‍സണ്‍ ചാള്‍സ്, ബ്രാന്‍ഡന്‍ കിങ്, നിക്കോളസ് പുരാന്‍, കെയ്‌ല്‍ മെയേഴ്‌സ്, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷായ് ഹോപ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷെഫേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റേന്‍ ചേസ്, ഒഡെയ്ന്‍ സ്‌മിത്ത്, അകീല്‍ ഹൊസെന്‍, ഒഷെയ്‌ന്‍ തോമസ്, ഒബെഡ് മക്കോയ്, അല്‍സാരി ജോസഫ്.