മുംബൈ: ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് ആശങ്കയാണെന്ന് മുന്‍ താരം വസീം ജാഫര്‍. വിന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ പരമ്പരയിലുട നീളം ഹാര്‍ദിക്കിന് ഒഴുക്കോടെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വസീം ജാഫര്‍ പറയുന്നത്. ഇതു ക്രീസിലെ സഹതാരത്തില്‍ വലിയ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹാര്‍ദിക്കിന്‍റെ ബാറ്റിങ് ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്. അവന്‍ അല്‍പം പ്രയാസപ്പെടുന്നതായി തോന്നുന്നു. ഒഴുക്കോടെ കളിക്കുന്ന ഹാര്‍ദിക്കിനെ ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നില്ല.
സിക്‌സറുകൾ അടിക്കുക എന്നല്ല ഞാന്‍ പറഞ്ഞതിന്‍റെ അര്‍ഥം. മനോഹരമായി കളിക്കുകയും, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നതുമാണത്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മാത്രമാണ് അതു കാണാന്‍ കഴിഞ്ഞത്.
അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ വളരെ സാവധാനത്തിൽ തുടങ്ങിയ ഹാര്‍ദിക് സ്ലോ ഓവറുകളിൽ റണ്ണടിച്ചിരുന്നു. പക്ഷെ അപ്പോഴും അവന് തന്‍റെ പഴയ മികവില്ലായിരുന്നു എന്നതാണ് സത്യം. അതാണ് എന്നെ ഏറെ ആശങ്കപ്പെടുത്തുന്നത്.
ഈ പരമ്പരയിലേതു പോലെ എപ്പോഴും ഇത്രയും പതുക്കെ ഹാര്‍ദിക്കിന് കളിക്കാന്‍ കഴിയില്ല. പലപ്പോഴും ഏറെ വേഗത്തില്‍ റണ്‍സടിച്ച് ഫിനിഷ് ചെയ്യേണ്ട സാഹചര്യവും വന്നേക്കാം. ഇപ്പോള്‍ ഹാര്‍ദിക് ക്രീസിലെത്തുമ്പോള്‍ കളിയുടെ വേഗം കുറയുന്നതാണ് കാണാന്‍ കഴിയുന്നത്. ഇതോടെ റണ്‍റേറ്റ് വളരെ താഴോട്ട് പോകുന്നു. മറുവശത്ത് നില്‍ക്കുന്ന ബാറ്ററിലും ഡഗൗട്ടിലും വലിയ സമ്മര്‍ദമുണ്ടാക്കുന്നതാണിത്. ഇക്കാര്യം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയും ഏറെ പ്രയാസപ്പെടും" വസീം ജാഫര്‍ പറഞ്ഞു.
വിന്‍ഡീസിന് എതിരായ ടി20 പരമ്പരയിലെ അവസാന മത്സരവും പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറുടെ വാക്കുകള്‍. മത്സരത്തില്‍ എട്ട് റണ്‍സിന് തോല്‍വി വഴങ്ങിയ ഇന്ത്യയ്‌ക്ക് പരമ്പരയും നഷ്‌ടമായിരുന്നു. അഞ്ച് മത്സര പരമ്പര 2-3ന് ആണ് വിന്‍ഡീസ് പിടിച്ചത്.
ഇതോടെ 17 വര്‍ഷത്തിനിടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലുമായി മൂന്നോ അതില്‍ കൂടുതലോ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തോല്‍ക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായും ഹാര്‍ദിക് പാണ്ഡ്യ മാറിയിരുന്നു. ഇതിന് മുന്നെ 2006-ല്‍ ആയിരുന്നു മൂന്നോ അതില്‍ കൂടുതലോ മത്സരങ്ങളടങ്ങിയ ഒരു പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിക്കുന്നത്. അന്ന് അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 1-4ന് ആയിരുന്നു വിന്‍ഡീസ് ഇന്ത്യയോ തോല്‍പ്പിച്ചത്. അന്ന് ടീമിനെ നയിച്ചിരുന്ന രാഹുല്‍ ദ്രാവിഡാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകനാണെന്നത് മറ്റൊരു കൗതുകമാണ്.
ALSO READ: Sanju Samson| ധോണിയെ ഗാംഗുലി ചെയ്‌തതുപോലെ; സഞ്‌ജുവിന്‍റെ കാര്യത്തിലും ആ തീരുമാനമെടുക്കണം
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ 7 പന്തില്‍ 5 റണ്‍സ് നേടിയ ഹാര്‍ദിക് റണ്ണൗട്ടായിരുന്നു. രണ്ടാം ഏകദിനത്തില്‍ 14 പന്തില്‍ ഏഴ് റണ്‍സെ താരത്തിന് നേടാന്‍ കഴിഞ്ഞുള്ളു. മൂന്നാം ഏകദിനത്തില്‍ 52 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്ന താരം തിളങ്ങി. എന്നാല്‍ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 19 പന്തില്‍ 19 റണ്‍സ് മാത്രം നേടിയ താരം രണ്ടാം ടി20യില്‍ 18 പന്തില്‍ 24 റണ്‍സാണ് കണ്ടെത്തിയത്.
മൂന്നാം ടി20യിലാവട്ടെ 15 പന്തില്‍ 20 റണ്‍സായിരുന്നു നേടിയത്. നാലാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങാതിരുന്ന താരം അഞ്ചാം ടി20യില്‍ ഏറെ നിര്‍ണായക ഘട്ടത്തിലാണ് ക്രീസിലെത്തിയത്. വമ്പന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തേണ്ടിയിരുന്ന സമയത്ത് 18 പന്തില്‍ 14 റണ്‍സെടുത്ത താരം മടങ്ങുകയും ചെയ്‌തു.