മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണെ ഏകദിന ടീമിലേക്ക് തിരികെ വിളിച്ച സെല്‌ടര്‍മാരുടെ നടപടിക്ക് ആരാധകര്‍ കയ്യടിച്ചിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോഡുണ്ടെങ്കിലും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന സഞ്‌ജുവിന് വിന്‍ഡീസിനെതിരെ അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ പതിവ് രീതി ആവര്‍ത്തിച്ച മാനേജ്‌മെന്‍റ് ഒന്നാം ഏകദിനത്തില്‍ സഞ്‌ജുവിനെ പുറത്തിരുത്തി.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷനെ പരിഗണിച്ചപ്പോള്‍ മധ്യനിരയിലേക്ക് സൂര്യകുമാര്‍ യാദവിനെ ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പിന്തുണയ്‌ക്കുകയായിരുന്നു. ഇപ്പോഴിതാ ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന് പകരം ഇഷാൻ കിഷനെ കളിപ്പിച്ച തീരുമാനം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെയാണ് വസീം ജാഫറിന്‍റെ വാക്കുകള്‍.
"ഇഷാൻ കിഷനെ ബാക്കപ്പ് ഓപ്പണറും വിക്കറ്റ് കീപ്പറുമെന്ന നിലയിലാണ് സെലക്‌ടര്‍മാര്‍ പരിഗണിക്കുന്നത് എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ടീമിന്‍റെ മധ്യനിരയിലേക്ക് എത്തുമ്പോള്‍ സഞ്‌ജു സാംസണിനാവും കൂടുതൽ പ്രാധാന്യമെന്നും കരുതി. ഇക്കാരണത്താല്‍ തന്നെ ആദ്യ മത്സരത്തിൽ സഞ്ജുവിനാകും ടീമിൽ ഇടം ലഭിക്കുകയെന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷെ, ഇഷാൻ കിഷനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി"- വസീം ജാഫര്‍ പറഞ്ഞു.
ഇതേവരെ 11 ഏകദിനങ്ങള്‍ മാത്രം കളിച്ച സഞ്‌ജുവിന്‍റെ ബാറ്റിങ് ശരാശരി 66 ആണ്. അവസാനത്തെ ആറ് ഇന്നിങ്‌സുകളില്‍ നാലിലും സഞ്‌ജു പുറത്താവാതെ നില്‍ക്കുകയും ചെയ്‌തിരുന്നു. 36, 2*, 30*, 86*, 15, 43* എന്നിങ്ങനെയാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. അതേസമയം കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സഞ്‌ജുവിന് ഇന്ന് കളിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബാര്‍ബഡോസില്‍ വൈകിട്ട് ഏഴുമണിക്കാണ് മത്സരം ആരംഭിക്കുക. ഇതേവേദിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മൂന്ന് മത്സര പരമ്പര ഒരു കളി ബാക്കി നില്‍ക്കെ തന്നെ സന്ദര്‍ശകര്‍ക്ക് സ്വന്തമാക്കാം.
ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അതനാസെ, യാന്നിക്ക് കറിയ, കെസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്‌ല്‍ മെയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, ഒഷെയ്ന്‍ തോമസ്.