ഗയാന : ടി20 പരമ്പരയില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനൊപ്പമെത്താന്‍ (West Indies) ഇന്ത്യ (India) ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് (Providence Stadium) മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് നിലവില്‍ 1-0ന് മുന്നിലാണ്.
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് റണ്‍സിന്‍റെ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കിയത്. ഈ കളിയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്‌ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സ് നേടാനേ സാധിച്ചിരുന്നുള്ളൂ.
ആദ്യ കളിയില്‍ ബൗളര്‍മാര്‍ മികവ് കാട്ടിയെങ്കിലും ബാറ്റര്‍മാര്‍ നിറം മങ്ങിയതായിരുന്നു ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. ബാറ്റര്‍മാരില്‍ തിലക് വര്‍മ മാത്രമായിരുന്നു ഇന്ത്യയ്‌ക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.
കാലാവസ്ഥ പ്രവചനം : വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ ടി20 പരമ്പരയിലെ രണ്ടാം മത്സരം പ്രാദേശിക സമയം രാവിലെ പത്തരയ്‌ക്കാണ് ആരംഭിക്കുന്നത്. മത്സരദിനമായ ഇന്ന് പ്രൊവിഡന്‍സ് സ്റ്റേഡിയം ഉള്‍പ്പെടുന്ന ജോര്‍ജ്‌ടൗണില്‍ കാര്‍മേഘങ്ങള്‍ക്കൊപ്പം തന്നെ വെയിലുമുള്ള സമ്മിശ്ര കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. 30 മുതല്‍ 40 ശതമാനം വരെ ഇന്ന് മഴയ്‌ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്. മഴ മത്സരത്തെ ചെറിയ തരത്തിലെങ്കിലും ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മത്സരം ലൈവായി കാണാന്‍ : വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ ടി20 പരമ്പര രാജ്യത്ത് ഡിഡി സ്‌പോര്‍ട്‌സ് (DD Sports) ചാനലിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഫാന്‍കോഡ് (FanCode) ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം ലൈവായി കാണാം. ജിയോ സിനിമ ആപ്ലിക്കേഷനിലൂടെ ഫ്രീയായും ഇന്ത്യ വിന്‍ഡീസ് ടി20 പോരാട്ടം സ്‌ട്രീം ചെയ്യുന്നുണ്ട്.
പിച്ച് റിപ്പോര്‍ട്ട്: പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യമാണ് പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലുള്ളത്. വമ്പന്‍ സ്‌കോറുകള്‍ ഇവിടെ പിറക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്കാണ് ഇവിടെ ജയസാധ്യത കൂടുതല്‍.
ഇന്ത്യന്‍ സ്‌ക്വാഡ് : ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക്.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ജോണ്‍സണ്‍ ചാള്‍സ്, ബ്രാന്‍ഡന്‍ കിങ്, നിക്കോളസ് പുരാന്‍, കെയ്‌ല്‍ മെയേഴ്‌സ്, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷായ് ഹോപ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷെഫേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റേന്‍ ചേസ്, ഒഡെയ്ന്‍ സ്‌മിത്ത്, അകീല്‍ ഹൊസെന്‍, ഒഷെയ്‌ന്‍ തോമസ്, ഒബെഡ് മക്കോയ്, അല്‍സാരി ജോസഫ്.