മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ട ഇന്ത്യന്‍ ടീമിനൊപ്പം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടി തിളങ്ങിയെങ്കിലും ടി20 പരമ്പരയിലേക്ക് ഈ മികവ് പകര്‍ത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നില്ല.
മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 10.67 എന്ന താഴ്ന്ന ശരാശരിയിൽ 32 റൺസ് മാത്രമാണ് സഞ്‌ജുവിന് നേടാനായത്. ഇതിന് പിന്നാലെ ലഭിച്ച അവസരം പാഴാക്കുന്ന താരമെന്ന കടുത്ത വിമര്‍ശനങ്ങളാണ് സഞ്‌ജുവിന് നേരെ ഉയരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ തന്‍റെ മികവിലേക്ക് ഉയരാന്‍ സഞ്‌ജുവിന് ഒരു തകര്‍പ്പന്‍ ഇന്നിങ്‌സ് മാത്രം മതിയെന്ന് ഒരു ആരാധകന്‍ ട്വിറ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ മുന്‍ കാല പ്രകടനത്തിന്‍റെ ഉദാഹരണം സഹിതമായിരുന്നു ഇയാള്‍ ഇക്കാര്യം കുറിച്ചത്. ഇതിന് ഇന്ത്യയുടെ മുന്‍ സെലക്‌ടര്‍ സാബ കരീം നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.
2005-ല്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ ഏകദിന പരമ്പരയ്‌ക്ക് എത്തിയപ്പോഴുള്ള ധോണിയുടെ പ്രകടനത്തെയാണ് ആരാധകന്‍ തന്‍റെ ട്വീറ്റിന് ആധാരമാക്കിയത്. പരമ്പരയില്‍ ആദ്യ നാല് മത്സരങ്ങളിലും നിറം മങ്ങിയ ധോണി അഞ്ചാം ഏകദിനത്തിലെ പ്രകടനത്തിലൂടെ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയതെന്നും പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു ഇയാള്‍ കുറിച്ചത്.
"അന്ന് പാകിസ്ഥാനെതിരായ അഞ്ചാം ഏകദിനത്തില്‍ 148 റണ്‍സടിച്ച ധോണിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കുറച്ച് മാസങ്ങള്‍ക്ക് ശേഷം പുറത്താവാതെ 183 റണ്‍സടിച്ചുകൊണ്ട് ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കാനും ധോണിയ്‌ക്ക് കഴിഞ്ഞു. സഞ്ജു സാംസണിനും അതുപോലെ ഒരു വലിയ ഇന്നിങ്‌സ് ആവശ്യമാണ്.
ALSO READ: Sanju Samson |3, 4, 5, 6...സഞ്ജുവിന്‍റെ നമ്പർ ഏതാണ്, ചോദ്യം ഇന്ത്യൻ ടീം മാനേജമെന്‍റിനോടാണ്...
അദ്ദേഹത്തിന്‍റെ കഴിവ് കണക്കിലെടുക്കുമ്പോൾ ഈ പ്രതീക്ഷ തീര്‍ത്തും ന്യായമാണ്. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനം അതിനുള്ള ഏറ്റവും മികച്ച അവസരമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയ്‌ക്കായി അത്തരം ഒരു വലിയ ഇന്നിങ്‌സ് കളിക്കാന്‍ അവന് കഴിഞ്ഞിട്ടില്ല. വൈകാതെ തന്നെ സഞ്‌ജുവില്‍ നിന്നും ഒരു വലിയ ഇന്നിങ്‌സ് ഉണ്ടാവുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ" എന്നായിരുന്നു ആരാധകന്‍ ട്വീറ്റ് ചെയ്‌തത്.
ഈ ട്വീറ്റിലെ വസ്തുതയോട് താന്‍ പൂര്‍ണമായും യോജിക്കുന്നുവെന്നായിരുന്നു സാബ കരീം മറുപടി നല്‍കിയത്. എന്നാല്‍ അന്ന് നായകനായിരുന്ന സൗരവ് ഗാംഗുലി ധോണിയ്‌ക്ക് ബാറ്റിങ് ഓര്‍ഡറില്‍ കൂടുതല്‍ പ്രാധാന്യവും സ്ഥാനക്കയറ്റവും നല്‍കിയതു പോലെ തന്നെ സഞ്‌ജുവിന്‍റെ കാര്യത്തിലും അതുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു.
ALSO READ: WI vs IND | 'ദാഹവും വീര്യവുമില്ല, ഇതെന്ത് ടീം ഇന്ത്യ', രൂക്ഷ വിമർശനവുമായി വെങ്കിടേഷ് പ്രസാദ്