ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്‌മാന്‍ പവല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ആതിഥേയര്‍ കളിക്കുന്നത്. പരിക്കേറ്റ ജേസൺ ഹോൾഡർ പുറത്തായപ്പോള്‍ റോസ്റ്റണ്‍ ചേസ് ടീമിലെത്തി.
ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്‌സ്വാള്‍ അരങ്ങേറ്റം നടത്തുന്നതായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അറിയിച്ചു. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം നടത്തിയ യശസ്വി ജയ്‌സ്വാള്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ആദ്യ രാജ്യാന്തര മത്സരം കളിച്ചിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് യശസ്വി നടത്തിയത്. ഇഷാന്‍ കിഷനാണ് സ്ഥാനം നഷ്‌ടമായത്. ഇതോടെ മലയാളി താരം സഞ്‌ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ടീമിലെത്തിയത്. സ്‌പിന്നര്‍ കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. രവി ബിഷ്‌ണോയ് ആണ് പുറത്തായത്.
ഇന്ത്യ (പ്ലേയിങ് ഇലവന്‍): ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (സി), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍), അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് (പ്ലേയിങ് ഇലവൻ): ബ്രാൻഡൻ കിങ്, കെയ്‌ൽ മെയേഴ്‌സ്, ജോൺസൺ ചാൾസ്, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), റോവ്‌മാൻ പവൽ (സി), ഷിമ്രോണ്‍ ഹെറ്റ്‌മെയർ, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റൺ ചേസ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്
ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നേരത്തെ ഇവിടെ നടന്ന രണ്ടാം ടി20യില്‍ രണ്ട് വിക്കറ്റിന്‍റെ വിജയം നേടാന്‍ വെസ്റ്റ് ഇന്‍ഡീസിന് കഴിഞ്ഞിരുന്നു. ട്രിനിഡാഡില്‍ നടന്ന ആദ്യ മത്സരത്തിലും വിജയം ആതിഥേയര്‍ക്ക് ഒപ്പമായിരുന്നു.
നാല് റണ്‍സിനായിരുന്നു ആദ്യ ടി20 വിന്‍ഡീസ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ നിലവില്‍ 2-0ന് മുന്നിലാണ് ആതിഥേയര്‍. അഞ്ച് മത്സര പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയ്‌ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
തിലക് വര്‍മ ഒഴികെയുള്ള മറ്റ് താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. യശസ്വിയുടെ വരവ് ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്‌ജു സാംസണ്‍ തുടങ്ങിയവര്‍ക്ക് കൂടി മിന്നാന്‍ കഴിഞ്ഞാല്‍ ഇന്ത്യയെ പിടിച്ചുകെട്ടുക വിന്‍ഡീസിന് എളുപ്പമാവില്ല. മറുവശത്ത് കളി പിടിച്ചാല്‍ 2016-ന് ശേഷം രണ്ടോ അതില്‍ കൂടുതലോ മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യക്കെതിരെ ആദ്യ വിജയം സ്വന്തമാക്കാന്‍ വിന്‍ഡീസിന് കഴിയും.
മത്സരം ലൈവായി കാണാന്‍: വെസ്റ്റ് ഇന്‍ഡീസ് vs ഇന്ത്യ മൂന്നാം ടി20 ടെലിവിഷനില്‍ ഡിഡി സ്‌പോര്‍ട്‌സ് (DD Sports) ചാനലിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ഫാന്‍കോഡ് (FanCode), ജിയോ സിനിമ (JioCinema) എന്നിവയുടെ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം ലൈവായി കാണാം.
ALSO READ: Sanju Samson | ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കരുത്; സഞ്‌ജുവിന് ആകാശ് ചോപ്രയുടെ കനത്ത മുന്നറിയിപ്പ്