ദുബായ് : ഇന്ത്യയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ മിന്നും ഫോമിലാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പുരാന്‍ കളിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും വിന്‍ഡീസിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് പുരാനുള്ളത്. എന്നാല്‍ ഗയാനയില്‍ നടന്ന രണ്ടാം ടി20യ്‌ക്കിടെയുള്ള മോശം പെരുമാറ്റത്തിന് താരത്തിന്‍റെ ചെവിയ്‌ക്ക് പിടിച്ചിരിക്കുകയാണ് ഐസിസി.
പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 15 ശതമാനം പിഴയും ഒരു ഡീ മെറിറ്റ് പോയിന്‍റുമാണ് നിക്കോളാസ് പുരാന് ഐസിസി വിധിച്ചത്. പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 കുറ്റത്തില്‍ ഉള്‍പ്പെട്ട ആര്‍ട്ടിക്കിള്‍ 2.7 വകുപ്പ് പ്രകാരമാണ് വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ക്കെതിരെ നടപടി. ഒരു അന്താരാഷ്ട്ര മത്സരത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടുള്ള പൊതുവിമർശനമാണ് ഇതിന്‍റെ പരിധിയില്‍ വരുന്നത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നാലാം ഓവറില്‍ ഒരു എല്‍ബിഡബ്ല്യു ഡിസിഷൻ റിവ്യൂ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ഫീല്‍ഡ് അമ്പയറോട് തര്‍ക്കിച്ചതിനാണ് പുരാനെതിരെ ഐസിസി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. പുരാന്‍ തെറ്റ് തിരിച്ചറിയുകയും ഓൺ-ഫീൽഡ് അമ്പയർമാരായ ലെസ്ലി റെയ്‌ഫർ, നൈജൽ ഡുഗിഡ്, തേർഡ് അമ്പയർ ഗ്രിഗറി ബ്രാത്ത്‌വെയ്റ്റ്, ഫോർത്ത് ഒഫീഷ്യൽ പാട്രിക് ഗുസ്റ്റാർഡ്, മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സൺ എന്നിവർ നിർദേശിച്ച അച്ചടക്ക നടപടികൾ അംഗീകരിക്കുകയും ചെയ്‌തതിനാൽ സംഭവത്തില്‍ ഔപചാരികമായ അന്വേഷണമുണ്ടാവില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പുരാന് ഡീമെറിറ്റ് പോയിന്‍റ് ലഭിക്കുന്നത്. അതേസമയം ഇന്ത്യ നാല് റണ്‍സിന് തോറ്റ ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ 34 പന്തില്‍ 41 റണ്‍സായിരുന്നു പുരാന്‍ നേടിയിരുന്നത്. ഗയാനയില്‍ നടന്ന രണ്ടാം ടി20യില്‍ 40 പന്തില്‍ 67 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്.
തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ടീമിനെ ഈ പ്രകടനം രണ്ട് വിക്കറ്റ് വിജയത്തിലേക്കുമെത്തിച്ചു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് 2-0ന് മുന്നിലാണ്. പരമ്പരയിലെ മൂന്നാം ടി20 ഇന്ന് ഗയാനയില്‍ നടക്കും. വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്കെതിരെ പരമ്പര തൂക്കാന്‍ വിന്‍ഡീസിന് കഴിയും.
ALSO READ: Sanju Samson|'സഞ്ജുവിന് അവസരങ്ങളുണ്ട്, മുതലാക്കുന്നില്ലെന്ന്' മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ
ഇന്ത്യന്‍ സ്‌ക്വാഡ് : ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്, യുസ്‌വേന്ദ്ര ചാഹല്‍.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ബ്രാന്‍ഡന്‍ കിങ്, ജോണ്‍സണ്‍ ചാള്‍സ്, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കെയ്‌ല്‍ മെയേഴ്‌സ്, നിക്കോളാസ് പുരാന്‍, ഷായ് ഹോപ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്‌മിത്ത്, റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റേന്‍ ചേസ്, അകീല്‍ ഹൊസെന്‍, ഒബെഡ് മക്കോയ്, ഒഷെയ്‌ന്‍ തോമസ്, അല്‍സാരി ജോസഫ്.