കറാച്ചി : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍റെ മുന്‍ വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്‌മൽ. ടീമിന്‍റെ അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് പിന്നിലെന്നാണ് കമ്രാന്‍ അക്‌മല്‍ പറയുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെയാണ് പാകിസ്ഥാന്‍ മുന്‍ താരത്തിന്‍റെ നടപടി.
ട്രിനിഡാഡിലെ ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിന്‍ഡീസ് ഉയര്‍ത്തിയ150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സന്ദര്‍ശകര്‍ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സാണ് നേടാന്‍ സാധിച്ചത്. 11-ാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 എന്ന മികച്ച നിലയിൽ നിന്നായിരുന്നു ഇന്ത്യ തോല്‍വിയിലേക്ക് പതിച്ചത്.
ബാക്കിയുള്ള ഓവറുകളില്‍ വെറും 68 റൺസ് ചേര്‍ക്കുന്നതിനിടെ ടീമിന് ആറ് വിക്കറ്റുകള്‍ നഷ്‌ടമാവുകയും ചെയ്‌തിരുന്നു. ഇതിന് കാരണം അമിത ആത്മവിശ്വാസമാണെന്നാണ് കമ്രാന്‍ അക്‌മല്‍ പറയുന്നത്. "അവർ (ഇന്ത്യ) വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയപ്പോള്‍ ക്യാപ്റ്റൻ, പരിശീലകന്‍, മാനേജ്‌മെന്‍റ് എന്നിവര്‍ അമിത ആത്മവിശ്വാസത്തിലാണെന്ന് തന്നെയാണ് എനിക്ക് തോന്നിയത്. പിന്തുടരാനുള്ള ലക്ഷ്യം തങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ലെന്ന് അവര്‍ കരുതിയതായി തോന്നി. കളിക്കാനിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായ പദ്ധതികളുണ്ടായിരിക്കണം.
എന്നാല്‍ കളിക്കളത്തില്‍ അത് കാണാന്‍ കഴിഞ്ഞില്ല. ചില പരീക്ഷണങ്ങള്‍ നടത്തുന്നത് കണ്ടു. എന്നാല്‍ കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് അത് നടപ്പിലാക്കേണ്ടത്. കളിക്കാരുടെ റോളുകൾ നിങ്ങൾ തീര്‍ച്ചയായും ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിനായി അവർ ടീമിലേക്ക് തിരിച്ചുവരികയാണോ അതോ ഇതിനകം തന്നെ ടീമിന്‍റെ ഭാഗമാണോ എന്ന കാര്യം മനസില്‍ വയ്‌ക്കേണ്ടതുമുണ്ട്"- കമ്രാന്‍ അക്‌മല്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. മത്സരം വിജയിക്കാന്‍ കഴിഞ്ഞാല്‍ അഞ്ച് മത്സര പരമ്പരയില്‍ വിന്‍ഡീസിന് ഒപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിയും.
ഇന്ത്യന്‍ സ്‌ക്വാഡ് : ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക്.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ജോണ്‍സണ്‍ ചാള്‍സ്, ബ്രാന്‍ഡന്‍ കിങ്, നിക്കോളസ് പുരാന്‍, കെയ്‌ല്‍ മെയേഴ്‌സ്, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷായ് ഹോപ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷെഫേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റേന്‍ ചേസ്, ഒഡെയ്ന്‍ സ്‌മിത്ത്, അകീല്‍ ഹൊസെന്‍, ഒഷെയ്‌ന്‍ തോമസ്, ഒബെഡ് മക്കോയ്, അല്‍സാരി ജോസഫ്.