കറാച്ചി: മലയാളി താരം സഞ്ജു സാംസണെ (Sanju samson) ആറാം നമ്പറില്‍ കളിപ്പിക്കുന്നതിനെതിരെ തുറന്നടിച്ച് പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ കമ്രാന്‍ അക്‌മല്‍ (Kamran Akmal). ബാറ്റിങ് ഓര്‍ഡറില്‍ ആദ്യ നാലിലാണ് സഞ്‌ജുവിനെ കളിപ്പിക്കേണ്ടതെന്നാണ് കമ്രാന്‍ അക്‌മല്‍ പറയുന്നത്. ഐപിഎല്ലില്‍ സഞ്‌ജു കളിക്കുന്ന സ്ഥാനം അതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പാക് മുന്‍ താരത്തിന്‍റെ വാക്കുകള്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20-യില്‍ ആറാം നമ്പറിലാണ് സഞ്‌ജുവിനെ ഇറക്കിയിരുന്നത്. 12 പന്തുകളില്‍ 12 റണ്‍സ് മാത്രം നേടിയ താരം റണ്ണൗട്ടായി തിരിച്ച് കയറി. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് കളിപ്പിച്ചത്.
നാലാം നമ്പറില്‍ തിലക് വര്‍മ എത്തിപ്പോള്‍ തുടര്‍ന്നുള്ള സ്ഥാനത്ത് ഹാർദിക് പാണ്ഡ്യയും ക്രീസിലെത്തി. പിന്നീടായിരുന്നു സഞ്‌ജുവിനെ മാനേജ്‌മെന്‍റ് ബാറ്റ് ചെയ്യാന്‍ അയച്ചത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ആറാം നമ്പറിലെത്തിയ സഞ്‌ജു സാംസണ്‍ മിന്നിയെങ്കിലും എപ്പോഴും താരത്തിന് ആ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയണമെന്നില്ലെന്നാണ് കമ്രാന്‍ അക്‌മല്‍ പറയുന്നത്.
'ഞാന്‍ സഞ്‌ജു സാംസണെ കുറിച്ചാണ് സംസാരിക്കുന്നത്, അവൻ ഐപിഎല്ലിൽ ആദ്യ നാലിലാണ് കളിക്കുന്നത്. അല്ലാതെ ആറാം നമ്പറിലല്ല. സഞ്‌ജുവിന് അവസരം നല്‍കേണ്ടത് ആദ്യ നാലിലാണ്.
വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും സഞ്‌ജുവിന് ആദ്യ നാലില്‍ തന്നെ അവസരം നല്‍കണം. ബാറ്റിങ് ഓര്‍ഡറില്‍ ഉയര്‍ന്ന സ്ഥാനത്താണ് സഞ്‌ജു കളിക്കേണ്ടത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തിൽ ആറാം നമ്പറില്‍ അവന്‍ ആക്രമണോത്സുകമായി കളിച്ചുവെന്ന് കരുതി, നിങ്ങള്‍ എപ്പോഴും സഞ്‌ജുവിനെ അതേ നമ്പറില്‍ കളിപ്പിച്ചാല്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയണമെന്നില്ല' -കമ്രാന്‍ അക്‌മൽ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് നടക്കുന്ന രണ്ടാം ടി20യിലും സഞ്‌ജു പ്ലേയിങ് ഇലവനിലെത്തിയാല്‍ ഫിനിഷറുടെ റോളില്‍ ആറാം നമ്പറില്‍ തന്നെ കളിപ്പിക്കാനാണ് സാധ്യത. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് രണ്ടാം ടി20 തുടങ്ങുക. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ നാല് റണ്‍സിന് സന്ദര്‍ശകര്‍ തോല്‍വി വഴങ്ങിയിരുന്നു.
ഇതോടെ ഇന്ന് ഗയാനയില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അഞ്ച് മത്സര പരമ്പരയില്‍ വിന്‍ഡീസിന് ഒപ്പമെത്താന്‍ ഇന്ത്യക്ക് കഴിയും. മത്സരത്തിന് ചെറിയ തോതില്‍ മഴ ഭീഷണിയുണ്ട്. പ്രൊവിഡന്‍സ് സ്റ്റേഡിയം ഉള്‍പ്പെടുന്ന ജോര്‍ജ്‌ടൗണില്‍ കാര്‍മേഘങ്ങളും വെയിലുമുള്ള സമ്മിശ്ര കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. 30 മുതല്‍ 40 ശതമാനം വരെ മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും മത്സരത്തെ സാരമായി ബാധിക്കാന്‍ ഇടയില്ല.