കാറാച്ചി: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) മൈതാനത്ത് വിരാട് കോലിയെപ്പോലെ (Virat Kohli) തന്‍റേതായ സാന്നിധ്യമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്‌മല്‍ (Kamran Akmal). വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് വേണ്ടി രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറപ്പെടാനിരിക്കെയാണ് അക്‌മലിന്‍റെ പ്രതികരണം. ബാറ്റിങ്ങില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും മുന്‍ പാക് താരം അഭിപ്രായപ്പെട്ടു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. അന്ന് ഓസ്‌ട്രേലിയക്കെകതിരെ 14, 43 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സുകളിലായി രോഹിത് ശര്‍മയുടെ സ്‌കോറുകള്‍. ജൂലൈ 12നി വിന്‍ഡീസില്‍ ആരംഭിക്കുന്ന പരമ്പരയില്‍ 2 ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ഇന്ത്യ കളിക്കുന്നത്.
'വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. മത്സരത്തോട് അവര്‍ കൂടുതല്‍ അഭിനിവേശം പുലര്‍ത്തണം. മികച്ച രീതിയില്‍ തുടങ്ങുക എന്നത് അവര്‍ക്ക് പ്രധാനമായ ഒരു കാര്യമാണ്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. വിരാട് കോലിയെപ്പോലെ ആയിരിക്കണം അദ്ദേഹവും തന്‍റെ ഗ്രൗണ്ടിലുള്ള സാന്നിധ്യം അറിയിക്കേണ്ടത്' -യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ കമ്രാന്‍ അക്‌മല്‍ പറഞ്ഞു.
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണെന്നും അക്‌മല്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രകടനങ്ങളില്‍ നിന്നും കളിക്കളത്തില്‍ നടത്തുന്ന സമീപനങ്ങളില്‍ നിന്നും യുവതാരങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വിരാട് കോലി എക്കാലത്തെയും മികച്ച താരമാണ്. റണ്‍സിനോട് അദ്ദേഹം കാണിക്കുന്ന അഭിനിവേശം, മൈതാനത്തെ അദ്ദേഹത്തിന്‍റെ സാന്നിധ്യം എല്ലാം വളരെ മികച്ചതാണ്. എല്ലാ താരങ്ങളുടെ പ്രിയപ്പെട്ട കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ പ്രകടനങ്ങളില്‍ നിന്നെല്ലാം ഒരുപാട് യുവതാരങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അദ്ദേഹം എപ്പോഴും ഇന്ത്യന്‍ ടീമിലേക്ക് ഒരു ഓട്ടോമാറ്റിക് സെലക്ഷന്‍ ആണ്.
ടെസ്റ്റ് മത്സരങ്ങളോടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. ജൂലൈ 12-17 വരെയാണ് ആദ്യ മത്സരം. 20ന് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കും.
ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാന്‍ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.
ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.
Also Read : IND vs WI | സഞ്‌ജുവിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്താമായിരുന്നു; വാദിച്ച് സുനില്‍ ഗവാസ്‌കര്‍