പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു മത്സരം ബാക്കിയുണ്ടെങ്കിലും ഏകദിന പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം പിടിച്ചാണ് മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ടീം ഇന്ത്യയ്‌ക്ക് പുതിയൊരു നേട്ടവും സ്വന്തമായി.
ഒരു ടീമിനെതിരെ തുടർച്ചയായി ഏറ്റവും കൂടുതൽ ഏകദിന പരമ്പര വിജയിച്ചതിന്‍റെ റെക്കോർഡാണ് ഇന്ത്യ നേടിയത്. വിന്‍ഡീസിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ 12ാം ഏകദിന പരമ്പര നേട്ടമാണിത്. 2007 മുതലാണ് ഇന്ത്യ വിന്‍ഡീസിനെതിരെ പരമ്പര നേട്ടം ആരംഭിച്ചത്.
ഇതോടെ സിംബാബ്‌വേയ്‌ക്കെതിരായ പാകിസ്ഥാന്‍റെ റെക്കോഡാണ് തകര്‍ക്കപ്പെട്ടത്. 1996 മുതല്‍ 2021 വരെ സിംബാബ്‌വേയ്‌ക്കെതിരെ തുടര്‍ച്ചയായി 11 ഏകദിന പരമ്പര നേടിയതായിരുന്നു പാകിസ്ഥാന്‍റെ റെക്കോഡ്. വിന്‍ഡീസിനെതിരെ 1999 മുതല്‍ 2022 വരെ 10 തുടര്‍ പരമ്പരകള്‍ നേടി മൂന്നാം സ്ഥാനത്തും പാകിസ്ഥാനാണ്.
സിംബാബ്‌വേയ്‌ക്കെതിരെ ഒമ്പത് തുടര്‍ പരമ്പരകള്‍ നേടി ദക്ഷിണാഫ്രിക്കയും, ശ്രീലങ്കയ്‌ക്കെതിരെ ഇത്ര തന്നെ പരമ്പര സ്വന്തമാക്കി ഇന്ത്യയും തുടര്‍ന്നുള്ള സ്ഥാനത്തുണ്ട്. 1995 മുതല്‍ 2018വരെയാണ് പ്രോട്ടീസ് സിംബാബ്‌വെയ്‌ക്കെതിരെ തുടര്‍പരമ്പര നേടിയത്. 2007 മുതല്‍ 2021 വരെയാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായി ഒമ്പത് ഏകദിന പരമ്പര സ്വന്തമാക്കിയത്.
also read: IND VS WI | മിന്നലായി അക്‌സര്‍, സഞ്‌ജുവിന് ആദ്യ അര്‍ധസെഞ്ച്വറി ; ജയത്തോടെ ഇന്ത്യയ്‌ക്ക് പരമ്പരയും
അതേസമയം വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 311 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 312 റണ്‍സെടുത്തു.
വാലറ്റത്തെ കൂട്ടുപിടിച്ച് അക്‌സര്‍ പട്ടേല്‍ പുറത്തെടുത്ത അക്രമണോത്സുക ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 35 പന്തില്‍ 64 റണ്‍സടിച്ച അക്‌സറാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ച്വറികളുമായി ശ്രേയസ് അയ്യരും, സഞ്‌ജു സാംസണും തിളങ്ങി.