ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ (Hardik Pandya). നിര്‍ണായക മത്സരത്തില്‍ തനിക്ക് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. ഹര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ഇന്ത്യ പരാജയപ്പെടുന്ന ആദ്യത്തെ ടി20 പരമ്പരയാണിത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 165 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് 18-ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് ജയം പിടിച്ചെടുത്തത്. തോല്‍വിക്ക് പിന്നാലെ പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ സംസാരിക്കുമ്പോഴായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം.
'മത്സരത്തിലെ ആദ്യ പത്ത് ഓവറിന് ശേഷം ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നില്ല കളിയുടെ പോക്ക്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ ഞാന്‍ സമയം കണ്ടെത്തി കളിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, അവിടെ എനിക്ക് സാഹചര്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
മറ്റെല്ലാവരും നല്ലപോലെ കളിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, ആ സമയത്ത് മികച്ച പ്രകടനം നടത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു' -ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. മത്സരത്തില്‍ 18 പന്ത് നേരിട്ട ഹര്‍ദിക് പാണ്ഡ്യ 14 റണ്‍സ് നേടിയാണ് പുറത്തായത്.
17-ാം ഓവറില്‍ റൊമാരിയോ ഷെഫേര്‍ഡായിരുന്നു ഇന്ത്യന്‍ ക്യാപ്‌റ്റനെ മടക്കിയത്. ഒരു സിക്‌സ് മാത്രമായിരുന്നു ഇന്ത്യന്‍ നായകന് തന്‍റെ ഇന്നിങ്‌സില്‍ നേടാനായത്. രണ്ടാമത് ബാറ്റ് ചെയ്‌ത വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കെയ്‌ല്‍ മയേഴ്‌സിനെ നഷ്‌ടമായിരുന്നു.
അര്‍ഷ്‌ദീപ് സിങ് രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചെങ്കിലും പിന്നീടാണ് വിന്‍ഡീസ് ബാറ്റര്‍മാരായ ബ്രാന്‍ഡന്‍ കിങ്ങും നിക്കോളാസ് പുരാനും ചേര്‍ന്ന് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. അതിനിടെ, മത്സരത്തില്‍ തിരിച്ചുവരവിന് പല തന്ത്രങ്ങളും ഇന്ത്യന്‍ നായകന്‍ പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
മത്സരത്തില്‍ നേരത്തെ ടോസ് നേടിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിടാനായിരുന്നു നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം. ക്യാപ്‌റ്റന്‍റെ തീരുമാനം തെറ്റിപ്പോയെന്ന സൂചന നല്‍കുന്നതായിരുന്നു തുടക്കത്തില്‍ ബാറ്റര്‍മാരുടെ പ്രകടനം. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ആദ്യ ഓവറിലെ അഞ്ചാം പന്തിലും ഗില്ലിനെ മൂന്നാം ഓവറിലെ അഞ്ചാം പന്തിലും ഇന്ത്യയ്‌ക്ക് നഷ്‌ടമായി.
സൂര്യകുമാര്‍ യാദവിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു പിന്നീട് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 45 പന്തില്‍ 61 റണ്‍സായിരുന്നു ഇന്ത്യന്‍ ടോപ് സ്‌കോററായിരുന്ന സൂര്യയുടെ സമ്പാദ്യം. തിലക് വര്‍മ 27 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബ്രാന്‍ഡന്‍ കിങ്ങിന്‍റെയും നിക്കോളാസ് പുരാന്‍റെയും ബാറ്റിങ്ങാണ് വിന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്.
Also Read : WI vs IND | ബ്രാന്‍ഡന്‍ കിങ്ങും നിക്കോളസ് പുരാനും 'തകര്‍ത്താടി'; ടി20 പരമ്പര ഇന്ത്യയ്‌ക്ക് നഷ്‌ടം