ബാര്‍ബഡോസ് : വിന്‍ഡീസിനെതിരായ (West Indies) ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ (India) ലോകകപ്പ് അവസാനഘട്ട ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ വെസ്റ്റ് ഇന്‍ഡീസുമായി മൂന്ന് മത്സരങ്ങളാണ് രോഹിത് ശര്‍മയും സംഘവും കളിക്കുന്നത്. ബാര്‍ബഡോസ്, ട്രിനിഡാഡ് എന്നിവിടങ്ങളിലായാണ് ഈ മത്സരങ്ങള്‍.
വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഇന്ത്യയ്‌ക്ക് കനത്ത വെല്ലുവിളിയൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ലോകകപ്പിന് മുന്‍പായി ടീമില്‍ അവശേഷിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്ന ഒരു അവസരം കൂടിയാണ് ഈ പരമ്പര. ഇതിന് ശേഷം, ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങളും ഏഷ്യ കപ്പും ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്നുണ്ട്.
മത്സരം ലൈവായി കാണാന്‍ : ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് (ജൂലൈ 27) ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ (Kensington Oval) രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം ആറരയ്‌ക്കാണ് ടോസ്. ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സ് (DD Sports) ചാനലിലൂടെയാണ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം.
ജിയോ സിനിമ (Jio Cinema) വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും മത്സരം ഓണ്‍ലൈന്‍ സ്‌ട്രീം ചെയ്യും. കൂടാതെ ഫാന്‍കോഡ് (FanCode) ആപ്പിലൂടെയും മത്സരം കാണാന്‍ സാധിക്കും.
പിച്ച് റിപ്പോര്‍ട്ട് : വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ ആദ്യ ഏകദിന മത്സരം നടക്കുന്ന കെന്‍സിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തിലെ പിച്ച് ബൗളര്‍മാരെ സഹായിക്കുന്നതാണ്. സ്‌പിന്നര്‍മാര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കുന്ന പിച്ചാണ് ഇവിടുത്തേത്. 229 ആണ് കെന്‍സിങ്ടണ്‍ ഓവലിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍.
കാലാവസ്ഥ പ്രവചനം : ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ അവസാന ദിവസം മഴയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നിലവില്‍ മഴഭീഷണിയില്ല.
ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അതനാസെ, യാന്നിക്ക് കറിയ, കെസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്‌ല്‍ മെയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, ഒഷെയ്ന്‍ തോമസ്.