മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്‌ക്ക് നാളെ കെന്‍സിങ്‌ടണ്‍ ഓവലില്‍ തുടക്കമാവുകയാണ്. ഏകദിന ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഏവരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്കാണ്. ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരായിരിക്കും എത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്.
സഞ്‌ജുവിന് മേല്‍ ഇഷാന്‍ കിഷന് മുന്‍ തൂക്കമുണ്ടെന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്. ഇടങ്കയ്യനെന്നതും ലോകകപ്പില്‍ ബാക്ക് അപ്പ് ഓപ്പണറെന്ന നിലയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതുമാണ് ഇഷാന്‍ കിഷന് മുന്‍തൂക്കം നല്‍കുന്നതെന്നാണ് കാര്‍ത്തിക് പറയുന്നത്.
"ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കുന്നതിനായി ഇഷാന്‍ കിഷനും സഞ്ജു സാംസണും തമ്മില്‍ മത്സരം വരാനിടയുണ്ട്. ലോകകപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന് മുന്‍തൂക്കമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇന്ത്യന്‍ ടീമില്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാരുടെ അഭാവമുണ്ട്.
ടീമിന്‍റെ റിസര്‍വ് ഓപ്പണറായും താരത്തെ ഉപയോഗിക്കാം. ഇതോടെ വിന്‍ഡീസിനെതിരെ ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനിലെത്തിയക്കാം" ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി. റിഷഭ് പന്ത് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പരിക്ക് മാറി തിരിച്ചെത്തുന്ന കെഎല്‍ രാഹുലാവും ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുകയെന്നുറപ്പാണ്. ഇതോടെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് സഞ്ജുവും ഇഷാനും തമ്മിലുള്ള മത്സരം.
ഇന്ത്യയ്‌ക്കായി ഇതേവരെ 17, ടി20കളും 11 ഏകദിനങ്ങളിലും മാത്രമാണ് സഞ്‌ജു സാംസണ്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് സഞ്‌ജു. 66 ശരാശരിയിലും 104.76 സ്ട്രൈക്ക് റേറ്റിലും 330 റണ്‍സാണ് ഫോര്‍മാറ്റില്‍ താരം നേടിയിട്ടുള്ളത്. 2022 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെയാണ് സഞ്‌ജു അവസാന ഏകദിനം കളിച്ചത്. മറുവശത്ത് 27 ടി20കളിലും രണ്ട് ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും ഇഷാന്‍ കിഷന്‍ ഇതിനകം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 42.5 ശരാശരിയിലും 16.03 പ്രഹര ശേഷിയിലും 510 റണ്‍സാണ് ഇഷാന്‍ നേടിയിട്ടുള്ളത്. ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോഡും താരത്തിന്‍റെ പേരിലാണ്.
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പയിലൂടെയായിരുന്നു ഇഷാന്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം നടത്തിയത്. തന്‍റെ രണ്ടാം ടെസ്റ്റില്‍ തന്നെ അതിവേഗത്തില്‍ കന്നി അര്‍ധ സെഞ്ചുറിയും ഇഷാന്‍ കിഷന്‍ നേടിയിരുന്നു. പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്‌തിരുന്നു.
ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.
ALSO READ: WATCH: വിന്‍റേജ് റോൾസ് റോയ്‌സില്‍ വിലസി ധോണി; സോഷ്യല്‍ മീഡിയയില്‍ തീയായി പടര്‍ന്ന് വിഡിയോ