മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര (Aakash Chopra). ഇന്ത്യ നാല് റണ്‍സിന് തോല്‍വി വഴങ്ങിയ മത്സരത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഹാര്‍ദിക്കിന് വീഴ്‌ച പറ്റിയെന്നാണ് ആകാശ് ചോപ്ര പറയുന്നത്. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ (Yuzvendra Chahal ) ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞില്ലെന്നാണ് ആദ്ദേഹത്തിന്‍റെ വിമര്‍ശനം.
ട്രിനിഡാഡിലെ ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് നന്നായി തുടങ്ങാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഓപ്പണര്‍മാരായ കെയ്‌ല്‍ മെയേഴ്‌സിനേയും ബ്രണ്ടന്‍ കിങ്ങിനേയും തന്‍റെ ആദ്യ ഓവറില്‍ തൊട്ടടുത്ത പന്തുകളില്‍ വീഴ്‌ത്തിക്കൊണ്ട് യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യയെ തിരികെ എത്തിച്ചു.
പിന്നീട് നിക്കോളാസ് പുരാന്‍ (34 പന്തില്‍ 41), റോവ്‌മാന്‍ പവര്‍ (32 പന്തുകളില്‍ 48) എന്നിവര്‍ ചെറുത്ത് നിന്നതോടെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് എന്ന സ്‌കോറിലേക്ക് എത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിരുന്നു. തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റുകള്‍ വീഴ്‌ത്തിയ ചാഹലിന് പിന്നീട് ഏഴ് ഓവറുകള്‍ക്ക് അപ്പുറമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പന്ത് നല്‍കിയത്. ഇത് ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റന്‍സിയിലുണ്ടായ വീഴ്‌ചയാണെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
"ബോളുകൊണ്ട് മികച്ച രീതിയില്‍ തുടങ്ങാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ തന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. അതിന് ശേഷം അവന് പന്ത് നല്‍കിയതേയില്ല. തന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടും യുസ്‌വിയ്‌ക്ക് നാല് ഓവറുകള്‍ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍, അവിടെ വീഴ്‌ച പറ്റിയെന്നാണ് എനിക്ക് തോന്നുന്നത്.
അവന്‍റെ ബാക്കിയുള്ള മൂന്ന് ഓവറുകള്‍ പിടിച്ചുവച്ചത് ഒരല്‍പം നിരാശപ്പെടുത്തുന്നതായിരുന്നു. യുസ്‌വിയ്‌ക്ക് പന്ത് നല്‍കിയിരുന്നുവെങ്കില്‍ നിക്കോളാസ് പുരാനെ നിങ്ങള്‍ക്ക് കുറച്ചുകൂടി നേരത്തെ പുറത്താക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ അവന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടുണ്ട്. പക്ഷെ, അവന് പന്ത് നല്‍കിയില്ല. ആ തീരുമാനം കുറച്ച് അത്ഭുതപ്പെടുത്തുന്നത് കൂടിയായിരുന്നു"- ആകാശ് ചോപ്ര പറഞ്ഞു നിര്‍ത്തി.
ALSO READ: ഗില്ലോ ജയ്‌സ്വാളോ അല്ല; ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിതാരം ആരെന്ന് പറഞ്ഞ് ആര്‍പി സിങ്
അതേസമയം വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ മുന്നിലെത്താനും ആതിഥേയര്‍ക്ക് കഴിഞ്ഞു. നാളെയാണ് പരമ്പരയിലെ രണ്ടാം ടി20 നടക്കുക. മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യയ്‌ക്ക് ആതിഥേയര്‍ക്ക് ഒപ്പമെത്താം.