ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഏറ്റവും നിര്‍ണായകമായ മത്സരത്തിനായാണ് കഴിഞ്ഞ പ്രാവശ്യത്തെ റണ്ണര്‍ അപ്പുകളായ ന്യൂസിലന്‍ഡ് ഇന്ന് (നവംബര്‍ 9) ശ്രീലങ്കയെ നേരിടാന്‍ ഇറങ്ങുന്നത് (New Zealand vs Sri Lanka). നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണെങ്കിലും സെമി ഫൈനലില്‍ ശേഷിക്കുന്ന ഒരു സ്ഥാനം ഉറപ്പിക്കാന്‍ കിവീസിന് ഇന്ന് ജയിച്ചേ പറ്റു. തോല്‍വിയാണ് ഫലമെങ്കില്‍ ഭാവി എന്തെന്നറിയാന്‍ പാകിസ്ഥാന്‍ (Pakistan), അഫ്‌ഗാനിസ്ഥാന്‍ (Afghanistan) ടീമുകളുടെ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കെയ്‌ന്‍ വില്യംസണിനും (Kane Williamson) സംഘത്തിനും കാത്തിരിക്കേണ്ടി വരും.
അതേസമയം, ജീവന്‍മരണപ്പോരിന് ഇറങ്ങുമ്പോള്‍ താരങ്ങളുടെ പ്രകടനങ്ങളില്‍ കിവീസിന് ആശങ്കകള്‍ ഒന്നുമില്ലെങ്കിലും ബെംഗളൂരുവിലെ കാലാവസ്ഥ പ്രവചനമാണ് അവരെ ഭയപ്പെടുത്തുന്നത്. ന്യൂസിലന്‍ഡ് ശ്രീലങ്ക മത്സരദിവസമായ ഇന്ന് ബെംഗളൂരുവില്‍ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയാണ് ബെംഗളൂരുവില്‍ പ്രവചിക്കപ്പെടുന്നത്.
ഉച്ചയ്‌ക്ക് 2 മണി മുതല്‍ 6 മണിവരെ 70 ശതമാനത്തിലധികം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. രാത്രി 7:30 വരെ 50 ശതമാനത്തിലധികം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് വെതര്‍.കോം (Weather.com) പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. 3 മുതല്‍ 7 മണിവരെ മഴ പെയ്യാനാണ് സാധ്യതയെന്നാണ് അക്യുവെതർ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മഴ കളി മുടക്കിയാല്‍...: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ് ശ്രീലങ്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചാല്‍ ഇരു ടീമിനും ഓരോ പോയിന്‍റ് ലഭിക്കും. ഇങ്ങനെ വന്നാല്‍, നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന് 9 പോയിന്‍റാകും. ഇപ്പോള്‍ എട്ട് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണ് ന്യൂസിലന്‍ഡിന് ഉള്ളത്.
എട്ട് പോയിന്‍റുള്ള പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ ടീമുകളാണ് നിലവില്‍ ന്യൂസിലന്‍ഡിന് പിന്നിലായുള്ളത്. ഇന്നത്തെ മത്സരം മഴയെടുത്താല്‍, അവസാന മത്സരങ്ങളില്‍ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും പരാജയപ്പെട്ടാല്‍ മാത്രമായിരിക്കും ന്യൂസിലന്‍ഡിന് സെമിയില്‍ കടക്കാന്‍ സാധിക്കുക. ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെയും അഫ്‌ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയേയുമാണ് നേരിടുന്നത്.
അതേസമയം, ഭാഗികമായി മാത്രം ഇന്ന് മത്സരം മഴ തടസപ്പെടുത്തുകയും ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിക്കുകയും ചെയ്‌താല്‍ പോയിന്‍റ് പട്ടികയില്‍ പിന്നിലുള്ള പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ ടീമുകളുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. ഇന്നത്തെ മത്സരഫലം ന്യൂസിലന്‍ഡിന് അനുകൂലമായാല്‍ വമ്പന്‍ മാര്‍ജിനിലുള്ള ജയം ആയിരിക്കും പാകിസ്ഥാന്‍റെയും അഫ്‌ഗാനിസ്ഥാന്‍റെയും ഭാവി നിര്‍ണയിക്കുന്നത്.