മുംബൈ: രോഹിത് ശര്‍മയാണ് (Rohit Sharma) നിലവില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകന്‍. എന്നാല്‍ 2022-ലെ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി ഒരൊറ്റ മത്സരം പോലും 36-കാരനായ രോഹിത് കളിച്ചിട്ടില്ല. രോഹിത്തിനൊപ്പം വിരാട് കോലി(virat kohli ), രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ നിലവില്‍ ടി20 ടീമിന് പുറത്താണ്.
നിലവില്‍ വെസ്റ്റ് ഇന്‍ഡീനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീമില്‍ ഇവരുടെ അഭാവം സംബന്ധിച്ച ചോദ്യങ്ങള്‍ ശക്തമാവുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഏകദിന ലോകകപ്പ് വര്‍ഷത്തില്‍ ചില കളിക്കാർക്ക് എല്ലാ ഫോർമാറ്റുകളും കളിക്കുന്നത് സാധ്യമല്ല എന്നാണ് രോഹിത് പറയുന്നത്.
"ഇത് ഞങ്ങൾക്ക് ഏകദിന ലോകകപ്പ് വർഷമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ ചില കളിക്കാര്‍ക്ക് എല്ലാ ഫോർമാറ്റുകളും കളിക്കാൻ കഴിയില്ല. ഷെഡ്യൂൾ നോക്കുകയാണെങ്കിൽ, തുടരെ തുടരെ മത്സരങ്ങളാണുള്ളത്. അതിനാല്‍ ചില കളിക്കാരുടെ ജോലിഭാരം കുറയ്‌ക്കുകയും അവർക്ക് മതിയായ ഇടവേള ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഞാനും ആ കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരു കളിക്കാനാണ്"- അമേരിക്കയിലെ ഒരു പരിപാടിക്കിടെ രോഹിത് പറഞ്ഞതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
അടുത്ത ടി20 ലോകകപ്പ് മുന്‍ നിര്‍ത്തി യുവതാരങ്ങളുടെ ഒരു സ്‌പെഷ്യലിസ്റ്റ് സംഘത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സീനിയര്‍ താരങ്ങള്‍ ഫോര്‍മാറ്റില്‍ നിന്നും പുറത്തായതെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 2024-ലെ ലോകകപ്പ് കളിക്കാന്‍ കാത്തിരിക്കുകയാണെന്നും രോഹിത് പ്രതികരിച്ചു.
ടി20 ലോകകപ്പിനായി എല്ലാവരും ആവേശഭരിതരാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും തങ്ങളും അതിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു രോഹത്തിന്‍റെ വാക്കുകള്‍. 2024-ല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിലായിരുന്നു രോഹിത് അവസാനമായി ടി20 ഫോര്‍മാറ്റില്‍ കളിച്ചത്.
എന്നാല്‍ 36-കാരനെ സംബന്ധിച്ച് തീര്‍ത്തും സാധാരണ സീസണായിരുന്നു കടന്ന് പോയത്. 16 മത്സരങ്ങളില്‍ നിന്നും വെറും 332 റണ്‍സ് മാത്രമായിരുന്നു രോഹത്തിന് നേടാന്‍ കഴിഞ്ഞത്. ഇതോടെ ഫോര്‍മാറ്റില്‍ താരത്തിന്‍റെ ഫോം സംബന്ധിച്ച് നിരവധി കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു.
രോഹിത്തിന്‍റെ അഭാവത്തില്‍ നില്‍വില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് (Hardik pandya) ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുന്നത്. അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യ 2-0ത്തിന് പിന്നിലാണ്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യ തോറ്റത്.
ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയായ രണ്ടാം ടി20യില്‍ രണ്ട് വിക്കറ്റിനും സന്ദര്‍ശകര്‍ കീഴടങ്ങി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ വിന്‍ഡീസ് മറികടക്കുകയായിരുന്നു.