പോർട്ട് ഒഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന സീനിയർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യ പരിശീലകൻ ഫിൽ സിമ്മണ്‍സ്. സീനിയർ താരങ്ങൾ ടീമിന്‍റെ ഭാഗമാകാൻ താൽപര്യപ്പെടുന്നില്ലെന്നും ടി20 ലോകകപ്പ് അടുത്ത ഈ ഘട്ടത്തിലും പലരും ദേശീയ ടീമിനെ വിട്ട് പണത്തിന് പിന്നാലെ പായുകയാണെന്നും സിമ്മണ്‍സ് ആരോപിച്ചു.
'ട്വന്‍റി 20 ലോകകപ്പ് അടുത്ത് വരുകയാണ്. വെസ്റ്റ് ഇൻഡീസിനു വേണ്ടി കളിക്കണമെന്ന് താരങ്ങളോട് യാചിക്കാൻ സാധിക്കില്ല. പല താരങ്ങളും പണത്തിന് പിന്നാലെ പായുകയാണ്. എല്ലാവരുടേയും ചിന്താഗതികൾ മാറിയിരിക്കുന്നു. അവർക്ക് ദേശിയ ടീമിനെക്കാൾ വലുത് മറ്റ് രാജ്യങ്ങളിലെ ക്ലബുകളാണ്'. സിമ്മണ്‍സ് പറഞ്ഞു.
'നിലവിലുള്ള ടീമിനെ വെച്ച് ലോകകപ്പ് കളിക്കാനാകില്ല. എനിക്ക് ലഭിക്കുന്ന താരങ്ങളെ വെച്ചാണ് ഞാൻ ടീമിനെ ഒരുക്കുന്നത്. എല്ലാവരും വെസ്റ്റ് ഇൻഡീസിനുവേണ്ടി കളിക്കണമെന്നാണ് എന്‍റെ ആഗ്രഹം. സ്വന്തം രാജ്യത്തിനെക്കാൾ വലുതായി മറ്റ് ഫ്രാഞ്ചൈസികളെ കണ്ടാൽ എനിക്കൊന്നും ചെയ്യാനാകില്ല. ഉള്ള താരങ്ങളെ വെച്ച് കളിക്കേണ്ടി വരും'. സിമ്മണ്‍സ് കൂട്ടിച്ചേർത്തു.
അതേസമയം ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, എവിന്‍ ലൂയിസ്, ഒഷെയ്ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രെല്‍, ഫാബിയന്‍ അലന്‍, റോസ്റ്റണ്‍ ചേസ് തുടങ്ങിയ താരങ്ങളെല്ലാം തന്നെ ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വെടിക്കെട്ട് താരങ്ങളുടെ അഭാവത്താൽ മുൻ ടി20 ചാമ്പ്യൻമാരായ വിൻഡീസ് തുടർച്ചയായി മത്സരങ്ങളിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.