പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 നഷ്‌ടമായ അര്‍ഷ്‌ദീപ് സിങ് രണ്ടാം ടി20യിലൂടെയാണ് തിരിച്ചെത്തിയത്. എന്നാല്‍ തന്‍റെ കരിയറില്‍ അര്‍ഷ്‌ദീപ് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു മത്സരമാവുമിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടോവര്‍ മാത്രം എറിഞ്ഞ താരം 18.50 എന്ന എക്കോണമിയില്‍ 37 റൺസാണ് വഴങ്ങിയത്.
ആദ്യ ഓവറിലെ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് നോ ബോളുകളും ഇടങ്കയ്യന്‍ പേസര്‍ എറിഞ്ഞിരുന്നു. ലങ്കന്‍ ഇന്നിങ്‌സിന്‍റെ രണ്ടാം ഓവറിലാണ് അര്‍ഷ്‌ദീപ് ഹാട്രിക് നോബോളുകള്‍ എറിഞ്ഞത്. ഈ ഓവറില്‍ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 19 റണ്‍സാണ് ലങ്ക നേടിയത്.
തുടര്‍ന്ന് 19-ാം ഓവറിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ഷ്‌ദീപിനെ വീണ്ടും പന്തേല്‍പ്പിക്കുന്നത്. ഈ ഓവറിലും താരം രണ്ട് നോ ബോളുകളെറിഞ്ഞതോടെ ഏറെ നിരാശനായാണ് ഹാര്‍ദിക് കാണപ്പെട്ടത്. അര്‍ഷ്‌ദീപിന്‍റെ അഞ്ചാം നോ ബോളിന് ശേഷം മുഖം പൊത്തി നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
- — cricket fan (@cricketfanvideo) January 5, 2023 " class="align-text-top noRightClick twitterSection" data="
— cricket fan (@cricketfanvideo) January 5, 2023
">— cricket fan (@cricketfanvideo) January 5, 2023
ഇതിന് ശേഷം അര്‍ഷ്‌ദീപിന് അടുത്തെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ താരത്തോട് സംസാരിക്കുകയും ചെയ്‌തു. അര്‍ഷ്‌ദീപിന് പുറമെ പേസര്‍മാരായ ഉമ്രാന്‍ മാലിക്കും ശിവം മാവിയും ഓരോ നോ ബോളുകള്‍ വീതം എറിഞ്ഞിരുന്നു. ഇതോടെ ശ്രീലങ്കക്ക് ഏഴ് പന്തുകളാണ് അധികമായി ലഭിച്ചത്.
ഇതടക്കം 12 എക്സ്ട്രാ റണ്‍സാണ് ഇന്ത്യ വിട്ടുകൊടുത്ത്. 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സാണ് നേടിയത്.
ഇന്ത്യയുടെ മറുപടി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 190 റണ്‍സില്‍ അവസാനിച്ചു. ബോളുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയാണ് ലങ്കയുടെ വിജയശില്‍പി. 22 പന്തില്‍ 56 റണ്‍സ് നേടിയ താരം ഒരു ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ അക്‌സർ പട്ടേൽ(65) , സൂര്യകുമാർ യാദവ് (51) എന്നിവർക്ക് പുറമെ പാണ്ഡ്യ(12), ശിവം മാവി (25) എന്നിവർക്ക് മാത്രമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനുമായുള്ളൂ. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ലങ്ക ഇന്ത്യയ്‌ക്ക് ഒപ്പമെത്തി.
Also read: ഹാട്രിക് ഉള്‍പ്പെടെ ആകെ അഞ്ച് നോബോള്‍; നാണക്കേടിന്‍റെ റെക്കോഡിലേക്ക് മൂക്കുംകുത്തി അര്‍ഷ്‌ദീപ് സിങ്