ക്രിക്കറ്റ് തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കുകയാണ് നിലവില്‍ ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര (Cheteshwar Pujara). ഭാര്യ പൂജ പബരിയ്‌ക്കും (puja pabari) മകള്‍ അതിഥിയ്‌ക്കുമൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലാണ് പുജാര അവധിക്കാലം ആഘോഷമാക്കുന്നത്. തന്‍റെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ ചില നിമിഷങ്ങള്‍ പുജാര ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
സ്നേഹം, ചിരി, ചോക്ലേറ്റുകൾ, കുടുംബം എന്നെഴുതിക്കൊണ്ട് യാത്രയിലെ ചില ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ റീലായാണ് 35-കാരനായ പുജാര പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പുജാരയുടേയും കുടുംബത്തിന്‍റെയും സന്തോഷം പങ്കുചേര്‍ന്നുകൊണ്ട് നിരവധി പേര്‍ ഇതിന് കമന്‍റിട്ടിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ ടീമില്‍ നിന്നുള്ള പുറത്താവലിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയ പുജാര ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിനെ പ്രതിനിധീകരിച്ച് മാന്യമായി പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് താരം അവധി ആഘോഷത്തിനായി കുടുംബത്തോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പറന്നത്. ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥിരക്കാരനായ ചേതേശ്വര്‍ പുജാരയ്‌ക്ക് മോശം ഫോമാണ് പുറത്തേക്കുള്ള വഴി തുറന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 26 മത്സരങ്ങളിൽ നിന്ന് 30.11 ശരാശരിയിൽ 1355 റൺസ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇതോടെ സെലക്‌ടര്‍മാരുടെ സൂക്ഷ്‌മ നിരീക്ഷണത്തിലായിരുന്നു താരം. ഒടുവില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തിളങ്ങാന്‍ കഴിയാതെ വന്നതോടെ പുജാരയെ സെലക്‌ടര്‍മാര്‍ കയ്യൊഴിയുകയായിരുന്നു.
ലണ്ടനിലെ ഓവലില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ട് ഇന്നിങ്‌സുകളിലായി 14, 27 എന്നിങ്ങനെയായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇതേത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ നിന്നും പുജാരയെ ഒഴിവാക്കി. പുജാര പുറത്തായപ്പോള്‍ യുവ താരങ്ങളായ യശ്വസി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവര്‍ക്ക് ടീമില്‍ അവസരം നല്‍കിയിരുന്നു.
ALSO READ: Ishan kishan| ഇഷാന്‍റെ ആ.. അര്‍ധ സെഞ്ചുറിക്ക് ഒരു അര്‍ഥവുമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നടക്കാനിരിക്കുന്ന വമ്പന്‍ മാറ്റത്തിന്‍റെ സൂചന ആയാണ് വിദഗ്‌ധര്‍ ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ വിരാട് കോലിക്ക് വേണ്ടി ചേതേശ്വര്‍ പുജാരയെ ബലിയാട് ആക്കുക ആയിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കാരണം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ രണ്ട് ഇന്നിങ്‌സുകളിലായി 14, 49 എന്നിങ്ങനെയാണ് കോലിക്ക് നേടാന്‍ കഴിഞ്ഞത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ കണക്കെടുക്കുമ്പോള്‍ പുജാരയ്‌ക്ക് സമാനമായിരുന്നു കോലിയുടെ ബാറ്റിങ് ശരാശരിയും. എന്നിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും പുജാരയെ മാത്രം ഒഴിവാക്കാനുള്ള നടപടിയാണ് ചിലര്‍ ചോദ്യം ചെയ്‌തിരുന്നത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിക്കൊണ്ട് വിരാട് കോലി തന്‍റെ മികവിലേക്ക് വീണ്ടും ഉയര്‍ന്നിരുന്നു. പക്ഷെ, പുജാരയ്‌ക്ക് മുന്നില്‍ ഇനി ഇന്ത്യന്‍ ടീമിന്‍റെ വാതിലുകള്‍ തുറക്കുമോയെന്ന കാര്യം സംശയത്തിലാണ്.