മുംബൈ: ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ ഇന്ത്യ മൂന്ന് മത്സര പരമ്പര കൈവിട്ടിരുന്നു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ടീം ബംഗ്ലാദേശിനെതിരെ എവെ പരമ്പര തോല്‍ക്കുന്നത്. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മയ്‌ക്ക് പകരം കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 69 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 271 റണ്‍സ് എന്ന മികച്ച നിലയിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഏഴാം വിക്കറ്റില്‍ ഒന്നിച്ച മെഹിദി ഹസനും മഹ്മൂദുള്ളയും ചേര്‍ന്നുള്ള പോരാട്ടമാണ് ബംഗ്ലാദേശിനെ ശക്തമായ നിലയിലെത്തിച്ചത്.
ഇത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ കഴിവ് കേടാണെന്നാണ് മുന്‍ താരം വസീം ജാഫര്‍ വിമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ മികച്ച ബോളര്‍മാരുണ്ടായിരുന്നെങ്കിലും അവരെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ രാഹുലിന് കഴിഞ്ഞില്ലെന്ന് ജാഫര്‍ പറഞ്ഞു.
"മുഹമ്മദ് സിറാജും അക്‌സർ പട്ടേലുമടക്കം നമുക്ക് മികച്ച ബോളര്‍മാരുണ്ടായിരുന്നു. ഉമ്രാന്‍ മാലിക്കും മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും എല്ലാ ചോദ്യങ്ങൾക്കും ബംഗ്ലാദേശിന് മറുപടിയുണ്ടായിരുന്നു. അവർ നല്ല രീതിയിൽ ബാറ്റ് ചെയ്യുകയും സ്‌ട്രൈക്ക് ഭംഗിയായി റൊട്ടേറ്റ് ചെയ്യുകയും ചെയ്‌തു.
നിങ്ങളുടെ ക്യാപ്റ്റൻ കളിക്കളത്തില്‍ ഇല്ലാതെ ഒരു വിക്കറ്റ് കീപ്പര്‍ നയിക്കുകയെന്നത് ബുദ്ധിമുട്ടാണ്. കെഎൽ രാഹുൽ അത്ര പരിചയസമ്പന്നനായ ക്യാപ്റ്റനല്ല, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തിൽ. അത് അവന്‍റെ ക്യാപ്റ്റന്‍സിയെ ബാധിച്ചിരിക്കാം. എന്നാല്‍ അതൊന്നും ഒരു ഒഴിവുകഴിവല്ല", ജാഫര്‍ പറഞ്ഞു.
അതേസമയം പരിക്കേറ്റ രോഹിത് വിദഗ്‌ധ ചികിത്സയ്‌ക്കായി മുംബൈയിലേക്ക് മടങ്ങിയതോടെ വൈസ് ക്യാപ്റ്റനായ കെഎല്‍ രാഹുലാണ് മൂന്നാം ഏകദിനത്തിലും ഇന്ത്യയെ നയിക്കുക. നാളെ ചിറ്റഗോങ്ങിലാണ് മത്സരം നടക്കുക. ഈ മത്സരത്തിലും തോല്‍വി വഴങ്ങിയാല്‍ ഇന്ത്യ പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെടും.