മുംബൈ: ഈ വര്‍ഷം അവസാനത്തില്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വിജയിക്കാന്‍ ഇന്ത്യയ്‌ക്കാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആരൊക്കെയാവും ഇടം നേടുകയെന്നാണ് നിലവില്‍ ഏവരും ഉറ്റുനോക്കുന്നത്. മലയാളിക്കിടയില്‍ സഞ്‌ജു സാംസണ്‍ ശ്രദ്ധാകേന്ദ്രമാണ്.
ഇപ്പോഴിതാ ഏറെ സര്‍പ്രൈസുകളുമായി ഏകദിന ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരമായിരുന്ന വസീം ജാഫര്‍. ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വസീം ജാഫര്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇഷാന്‍ കിഷനെ ഒഴിവാക്കിയപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്‌ജു സാംസണെയാണ് ജാഫര്‍ തെരഞ്ഞടുത്തിരിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം നടത്തിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനും ജാഫറിന്‍റെ ടീമില്‍ സ്ഥാനം ലഭിച്ചില്ല. ടീമില്‍ മൂന്ന് സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തിയപ്പോള്‍ വെറ്ററന്‍ താരം ആര്‍ അശ്വിനെ പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
"ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ശിഖര്‍ ധവാന്‍ എന്നിവരെയാണ് ഞാന്‍ ഓപ്പണര്‍മാരായി തെരഞ്ഞെടുക്കുന്നത്. ശിഖർ ധവാനെ ടീമിലെടുക്കാന്‍ പോകുന്നില്ലെങ്കിലും ബാക്കപ്പ് ഓപ്പണറായി ഞാൻ അദ്ദേഹത്തെ നിലനിർത്തും. മൂന്നാം നമ്പര്‍ തീര്‍ച്ചയായും വിരാട് കോലിക്കുള്ളതാണ്.
ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ നാലും അഞ്ചും നമ്പറില്‍ കളിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ആറാം നമ്പറില്‍ എത്തും. പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയാണ് ടീമിലെടുത്തിരിക്കുന്നത്. ഇവരില്‍ ബുംറയും സിറാജുമാണ് പ്ലേയിങ് ഇലനിലേക്ക് നോക്കുന്നത്"- വസീം ജാഫര്‍ പറഞ്ഞു.
ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നതിനാല്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യ ബോളെറിയുന്നത് ഏറെ പ്രധാനമാണെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു. പത്ത് ഓവര്‍ തികച്ച് എറിയാനായില്ലെങ്കിലും ഹാര്‍ദിക് ഏഴോ എട്ടോ ഓവറുകള്‍ എറിഞ്ഞാല്‍ മതിയാവുമെന്നും മുന്‍ ഓപ്പണര്‍ വ്യക്തമാക്കി. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ജാഫറിന്‍റെ ടീമിലെ സ്‌പിന്നര്‍മാര്‍.
ഹാര്‍ദിക്കിന് മൂന്നാം പേസറുടെ റോള്‍ നിര്‍വഹിക്കാന്‍ കഴിയുമെങ്കില്‍ തന്‍റെ പ്ലേയിങ് ഇവലനില്‍ മൂന്ന് സ്‌പിന്നര്‍മാരുണ്ടാവുമെന്നും ഓള്‍ റൗണ്ടര്‍മാരായതിനാല്‍ അക്‌സര്‍ പട്ടേലിനും രവീന്ദ്രയ്‌ക്കും സ്ഥാനം ഉറപ്പാണെന്നും ബാക്കിയുള്ള സ്ഥാനം കുല്‍ദീപിനുള്ളതാണെന്നും വസീം ജാഫര്‍ വ്യക്തമാക്കി. ടീമിലെ നാലാം പേസറായി ശാര്‍ദുല്‍ താക്കൂറിനെയാണ് ജാഫര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം ഐസിസി നേരത്തെ പുറത്ത് വിട്ടിരുന്നു. ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദിലായാണ് മത്സരങ്ങള്‍ നടക്കുക. ഭാഗമാവുന്ന 10 ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റ് നടക്കുക.