മുംബൈ: ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസരം മലയാളി ബാറ്റര്‍ സഞ്‌ജു സാംസണ് വിനിയോഗിക്കാനായില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. സഞ്‌ജുവില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാല്‍ ശരാശരിയിലൊതുങ്ങിയ താരം നിരാശപ്പെടുത്തിയെന്നും ജാഫര്‍ പറഞ്ഞു.
''അവന്‍ തനിക്ക് ലഭിച്ച അവസരം വിനിയോഗിച്ചില്ലെന്ന് പറയേണ്ടി വരും. ശനിയാഴ്ചത്തെ രണ്ടാം മത്സരത്തിലും ഞായറാഴ്ചത്തെ മൂന്നാം മത്സരത്തിലും ഭാവിയില്‍ മൂന്നാമത്തെ വിക്കറ്റ് കീപ്പങ് ഓപ്‌ഷനായോ അല്ലെങ്കില്‍ ബാറ്ററായോയുള്ള അവകാശവാദം ഉന്നയിക്കാന്‍ സഞ്ജുവിന് നല്ലൊരു അവസരമായിരുന്നു.
എന്നാല്‍ ചിലമിന്നലാട്ടങ്ങള്‍ മാത്രമാണ് അവന്‍ പുറത്തെടുത്തത്. മറ്റ് യുവതാരങ്ങള്‍ ലഭിച്ച അവസരം മുതലെടുക്കുന്നത് പോലെ ഉപയോഗിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. അതിനാൽ ശരിക്കും നിരാശയുണ്ട്. ടി20 ലോകകപ്പില്‍ സഞ്ജു ഇപ്പോഴും പരിഗണിക്കപ്പെടാന്‍ ഇടയുള്ള താരമാണെ്. ഈ ഫോര്‍മാറ്റില്‍ ഇനിയും അധികം അവന് ചെയ്യാനുണ്ട്'' ജാഫര്‍ പറഞ്ഞു.
also read: ഇനി പുജാരയും രഹാനെയുമില്ല, പകരം മൂന്ന് യുവതാരങ്ങള്‍; മധ്യനിരയുടെ മുഖം മാറ്റി ടീം ഇന്ത്യ
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അവസരം ലഭിച്ച രണ്ട് മത്സരങ്ങളില്‍ 57 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. രണ്ടാം മത്സരത്തില്‍ 39 റണ്‍സെടുത്ത താരം മൂന്നാം മത്സരത്തില്‍ ഓപ്പണറുടെ റോളിലെത്തി 18 റണ്‍സെടുത്ത് മടങ്ങി.