ഇസ്ലാമാബാദ്: മാരക ലഹരിമരുന്നായ കൊക്കെയ്‌ന് അടിമയായിരുന്നു എന്ന് വെളിപ്പെടുത്തി മുൻ പാക് നായകൻ വസീം അക്രം. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയിലാണ് മയക്ക് മരുന്ന് ഉപയോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്.'സുൽത്താൻ: ഒരു ഓർമ്മക്കുറിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിൽ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും അക്രം വ്യക്‌തമാക്കി.
ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമാണ് കൊക്കെയ്‌ൻ ഉപയോഗം തുടങ്ങിയതെന്നാണ് അക്രം പറയുന്നത്. 'റിട്ടയർമെന്‍റിന് ശേഷം പതിവായി പാർട്ടിക്ക് പോകുമായിരുന്നു. ഇംഗ്ലണ്ടിൽ വെച്ചുനടന്ന ഒരു പാർട്ടിക്കിടെയാണ് ആദ്യമായി കൊക്കെയ്‌ൻ ഉപയോഗിച്ചത്. പിന്നീട് അതിന് അടിമയാവുകയായിരുന്നു. എന്ത് ചെയ്യാനും കൊക്കെയ്‌ൻ വേണമെന്ന അവസ്ഥയിലായി കാര്യങ്ങൾ.'
'ലഹരി ഉപയോഗം ആദ്യ ഭാര്യയായ ഹുമയിൽ നിന്ന് മറച്ചിരുന്നു. സ്ഥിരമായി പാർട്ടിക്ക് പോകുന്നതിനാൽ വീട്ടിൽ ഒറ്റക്കിരുന്ന് ഹുമയും മടുത്തിരുന്നു. അതിനാൽ കറാച്ചിയിലേക്ക് തിരികെ പോകാമെന്ന് ഹുമ പറയുമ്പോഴെല്ലാം പാർട്ടികൾ അവസാനിപ്പിക്കേണ്ടി വരും എന്ന ഭയത്താൽ താൻ വിസമ്മതിച്ചിരുന്നു. നാട്ടിലെത്തി മാതാപിതാക്കൾക്കൊപ്പം കഴിയാനായിരുന്നു ഹുമയുടെ ആഗ്രഹം'
'പിന്നീട് ഹുമയുടെ ഇടപെടലാണ് ലഹരിയുടെ ലോകത്ത് നിന്ന് തന്നെ മോചിപ്പിച്ചത്. ഒരു ദിവസം പഴ്‌സിൽ നിന്ന് കൊക്കെയ്‌ൻ പാക്കറ്റ് ഹുമ കണ്ടെത്തി. ചികിത്സ ആവശ്യമാണെന്ന് ഹുമ പറഞ്ഞു. ചികിത്സയില്ലാതെ ജീവിതത്തിലേക്ക് തിരികെ മടങ്ങിവരാനാകില്ലെന്ന് എനിക്കും ബോധ്യപ്പെട്ടിരുന്നു. പിന്നീട് ഹുമയുടെ അകാല മരണമാണ് ജീവിതം മാറ്റിയത്.'
അതിന് ശേഷം താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും അക്രം പറഞ്ഞു. 2009 ലാണ് അക്രത്തിന്‍റെ ആദ്യ ഭാര്യയായ ഹുമ അണുബാധ കാരണം മരിച്ചത്. 1992ലെ പാകിസ്ഥാന്‍റെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ അക്രം 104 ടെസ്റ്റിലും 356 ഏകദിനത്തിലും കളിച്ചിട്ടുണ്ട്. 25 ടെസ്റ്റിലും 109 ഏകദിനത്തിനും അക്രം പാകിസ്ഥാനെ നയിച്ചിട്ടുണ്ട്.