ദുബൈ: ടി20 ലോകകപ്പിലെ ഇന്ത്യ-അഫ്‌ഗാന്‍ മത്സരം ഒത്തുകളിയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുന്‍ പാക് ക്യാപ്റ്റന്മാരായ വസിം അക്രമും വഖാര്‍ യൂനിസും. വിലകുറഞ്ഞ ആരോപണങ്ങൾക്ക് ആരും ശ്രദ്ധ കൊടുക്കരുതെന്നാണ് അക്രമവും വഖാറും പ്രതികരിച്ചത്.
"എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങൾ സൃഷ്ടിക്കാൻ ഇഷ്ടപ്പെടുന്നതെന്ന് എനിക്കറിയില്ല? ഇന്ത്യ വളരെ നല്ല ടീമാണ്. ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ അവർക്ക് രണ്ട് മോശം ദിവസങ്ങളുണ്ടായി. എന്നാൽ അവർ ഫോമിലേക്ക് തിരിച്ചെത്തി. അതിനെ അങ്ങനെ മാത്രം കണ്ടാൽ മതി.'' അക്രം പ്രതികരിച്ചു.
''ഇത്തരം ആരോപണങ്ങളിൽ തീരെ കഴമ്പില്ല. യുക്തിക്ക് നിരക്കാത്ത ഇത്തരം സംസാരങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക'' എന്നായിരുന്നു വഖാറിന്‍റെ പ്രതികരണം.
also read: ടി20 ലോകകപ്പ്: വിജയ വഴിയിൽ തിരിച്ചെത്തി ഇന്ത്യ, അഫ്‌ഗാനെതിരെ 66 റണ്‍സിന്‍റെ ജയം
അതേസമയം ഐസിസിയുടെ ഔദ്യോഗിക അക്കൗണ്ടുകളിലടക്കം ഒത്തുകളി ആരോപണം ഉന്നയിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ടോസ് നേടിയ അഫ്‌ഗാന്‍ നായകന്‍ മുഹമ്മദ് നബിയോട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാന്‍ കോലി പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയുടെ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തി എന്നീ കാരണങ്ങളാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.
എന്നാല്‍ മഞ്ഞ് വീഴുന്ന പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ഗുണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഫ്‌ഗാന്‍ ബൗളിങ് തെരഞ്ഞെടുത്തതെന്ന് മുഹമ്മദ് നബി ടോസ് സമയത്ത് തന്നെ വിശദീകരിച്ചിരുന്നു. മത്സരത്തില്‍ 66 റണ്‍സിനായിരുന്നു അഫ്‌ഗാന്‍ തോല്‍വി വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന് 20 ഓവറിൽ 144 റണ്‍സ് നേടാനേ സാധിച്ചുള്ളു.