മെല്‍ബണ്‍ : ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും ശ്രീലങ്കന്‍ ലെഗ് സ്‌പിന്നര്‍ വാനിന്ദു ഹസരംഗ പുറത്ത്. ഓസ്ട്രേലിയൻ പര്യടനത്തിനിടെ (ഫെബ്രുവരി 15) ബാധിച്ച കൊവിഡില്‍ നിന്നും മുക്തനാവാത്തതാണ് താരത്തിന് തിരിച്ചടിയായത്.
ഏറ്റവും ഒടുവിൽ (ഫെബ്രുവരി 22) നടത്തിയ കൊവിഡ് പരിശോധനയിലും താരം പോസിറ്റീവാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കൊവിഡ് മുക്തനായതിന് ശേഷം മാത്രമേ താരത്തിന് ഓസ്‌ട്രേലിയ വിടാനാവൂ. ഐപിഎൽ മെഗാ ലേലത്തില്‍ 10.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ താരം കൂടിയാണ് ഹസരംഹ.
അതേസമയം ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. ലഖ്‌നൗവില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്ത്യന്‍ ടീമില്‍ നിന്നും ദീപക് ചാഹറിന് പിന്നാലെ സൂര്യകുമാര്‍ യാദവും പുറത്തായിട്ടുണ്ട്. കൈക്കേറ്റ നേരിയ പൊട്ടലാണ് സൂര്യകുമാറിന് വിനയായത്.