കൊളംബോ : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക. 26-ാം വയസിലാണ് താരം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്‍റെ തീരുമാനമെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
താരത്തിന്‍റെ തീരുമാനം അംഗീകരിക്കുന്നതായും ടീമിന്‍റെ തുടര്‍ന്നുള്ള പരിമിത ഓവര്‍ പ്രോഗ്രാമില്‍ ഹസരങ്ക ഒരു സുപ്രധാന ഭാഗമായിരിക്കുമെന്നും ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സിൽവ പ്രതികരിച്ചു. 2020 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വനിന്ദു ഹസരങ്ക ഫോര്‍മാറ്റില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 2021 ഏപ്രിലില്‍ ബംഗ്ലാദേശിന് എതിരെയായിരുന്നു അവസാന ടെസ്റ്റ്.
തുടര്‍ന്നുള്ള ലങ്കയുടെ ടെസ്റ്റ് പദ്ധതികളില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല. ഫോര്‍മാറ്റില്‍ 196 റണ്‍സും നാല് വിക്കറ്റുകളുമാണ് ഓള്‍ റൗണ്ടറായ ഹസരങ്ക സ്വന്തമാക്കിയിട്ടുള്ളത്. 2017-ലാണ് വനിന്ദു ഹസരങ്ക ദ്വീപ് രാഷ്‌ട്രത്തിനായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്ന് മുതല്‍ ടീമിന്‍റെ ഏകദിന, ടി20 ടീമുകളില്‍ നിര്‍ണായക താരമായും ഹസരങ്ക മാറി.
നിലവില്‍ 48 ഏകദിന മത്സരങ്ങളും 58 ടി20 മത്സരങ്ങളുമാണ് താരം ലങ്കയ്‌ക്കായി കളിച്ചിട്ടുള്ളത്. രണ്ട് ഫോര്‍മാറ്റില്‍ നിന്നുമായി 158 വിക്കറ്റുകളും 1365 റണ്‍സുമാണ് സമ്പാദ്യം. ഇനി ഏഷ്യ കപ്പിനും പിന്നാലെ ഏകദിന ലോകകപ്പിനും ഇറങ്ങുന്ന ലങ്കയ്‌ക്ക് ഹസരങ്കയുടെ പ്രകടനത്തില്‍ വമ്പന്‍ പ്രതീക്ഷയാണുള്ളത്. ഏകദിന ലോകകപ്പില്‍ നേരിട്ട് യോഗ്യത ഉറപ്പിക്കാന്‍ കഴിയാതിരുന്ന ശ്രീലങ്ക യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് ടൂര്‍ണമെന്‍റില്‍ ഇടം നേടിയത്.
സിംബാബ്‌വെയില്‍ വച്ചുനടന്ന യോഗ്യത റൗണ്ടില്‍ ടീമിന്‍റെ മുന്നേറ്റത്തില്‍ വമ്പന്‍ പങ്കായിരുന്നു ഹസരങ്ക വഹിച്ചത്. 22 വിക്കറ്റുകളുമായി തിളങ്ങിയ താരം ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് എത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരം കൂടിയാണ് വനിന്ദു ഹസരങ്ക.
അതേസമയം ഓഗസ്റ്റ് 31 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റ് ഹൈബ്രിഡ് മോഡലിലാണ് നടക്കുന്നത്. പാകിസ്ഥാന് പുറമെ ശ്രീലങ്കയും ടൂര്‍ണമെന്‍റിന് വേദിയാവും.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ ടീമിനെ പാക് മണ്ണിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തതോടെയാണ് ടൂര്‍ണമെന്‍റ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമായത്. ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്മാര്‍.
ALSO READ: 'സഞ്‌ജുവിനെ നശിപ്പിക്കരുത്, ഇങ്ങനെയെങ്കില്‍ റിങ്കുവിനെ കളിപ്പിക്കൂ'; ആഞ്ഞടിച്ച് അഭിഷേക് നായര്‍
ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. ചെന്നൈ, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത,അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.