മുംബൈ: 2011-ന് ശേഷം വീണ്ടുമൊരു ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ടൂര്‍ണമെന്‍റിലൂടെ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള 10 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി കിരീടം.
എംഎസ് ധോണിയ്‌ക്കും കൂട്ടര്‍ക്കും സമാനമായി ഇക്കുറി രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും 2011 ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അന്ന് വിഖ്യാതമായ വാങ്കഡെയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ശ്രീലങ്കയെ ആയിരുന്നു ഇന്ത്യ വീഴ്‌ത്തിയത്. ഇന്ത്യന്‍ വിജയത്തിന് പിന്നാലെ വിരാട് കോലിയുടെ തോളിലേറി വാങ്കഡെയില്‍ കാണികളെ അഭിവാദ്യം ചെയ്‌ത ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദൃശ്യങ്ങള്‍ ആരാധകരെ ഇന്നും കുളിര് കോരിക്കുന്നതാണ്.
അന്നത്തെ ടീമിന്‍റെ ഭാഗമായിരുന്നവരില്‍ വിരാട് കോലി മാത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ കുപ്പായമണിയുന്നത്. ഇന്ത്യയുടെ റണ്‍ മെഷീനെന്ന് വിശേഷണമുള്ള കോലിയുടെ ബാറ്റില്‍ ആരാധകരുടെ പ്രതീക്ഷകള്‍ ഏറെയാണ്. ഇപ്പോഴിതാ അന്ന് വാങ്കഡെയില്‍ സച്ചിനെ തോളിലേറ്റാനുള്ള ചുമതല വിരാട് കോലിയില്‍ എത്തിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വിരേന്ദര്‍ സെവാഗ്.
സച്ചിന്‍ ഭാരമുള്ള ആളായതിനാലായിരുന്നു വയസന്മാരായ തങ്ങള്‍ ആ അവസരം നിരസിച്ചതെന്നാണ് സെവാഗ് പറയുന്നത്. "സച്ചിന്‍ വളരെ ഭാരമുള്ളയാളാണെന്നതിനാലാണ് ഞങ്ങളത് നിരസിച്ചത്. ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഉയര്‍ത്താനോ തോളില്‍ ഏറ്റാനോ സാധിക്കില്ലായിരുന്നു. ഞങ്ങള്‍ക്ക് പ്രായമായിരുന്നു. കൂടാതെ തോളിന് പരിക്കുണ്ടായിരുന്നു. എംഎസിനാവട്ടെ (എംഎസ് ധോണി) കാല്‍മുട്ടിനും പരിക്കേറ്റിരുന്നു.
ബാക്കിയുള്ളവര്‍ക്കാവട്ടെ മറ്റു ചില പ്രശ്‌നങ്ങളും. അതിനാല്‍ ഞങ്ങള്‍ ആ ഭാരം യുവതാരങ്ങളെ എല്‍പ്പിച്ചു. നിങ്ങള്‍ പോയി സച്ചിനെ തോളിലേറ്റി ഗ്രൗണ്ടിന് ചുറ്റിലും വലം വച്ച് വരാന്‍ പറഞ്ഞു. അക്കാരണത്താലാണ് അന്ന് വിരാട് കോലി സച്ചിനെ തോളില്‍ ഏറ്റിയത്". സെവാഗ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ ഷെഡ്യൂള്‍ ഐസിസി പുറത്തുവിട്ടത്. ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നീ 10 വേദികളിലായി ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക.
10 ടീമുകളാണ് ലോകകപ്പിന്‍റെ ഭാഗമാവുന്നത്. ആതിഥേയരായ ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്‌ഗാനിസ്ഥാൻ, എന്നീ ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥാനം യോഗ്യത മത്സരങ്ങള്‍ കളിച്ചെത്തുന്ന രണ്ട് ടീമുകള്‍ക്കുള്ളതാണ്.
എല്ലാ ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് കളി നടക്കുക.തുടര്‍ന്ന് ആദ്യ നാലിലെത്തുന്നവര്‍ സെമി ഫൈനലിലേക്ക് മുന്നേറും. നവംബര്‍ 15ന് മുംബൈയില്‍ ആദ്യ സെമിയും 16-ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ അരങ്ങേറുക.