മുംബൈ: ക്രിക്കറ്റിന്‍റെ ദൈവമെന്ന് വിശേഷിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഏകദേശം 25 വർഷം നീണ്ടുനിന്ന മാരത്തണ്‍ കരിയറിനൊടുവില്‍ അപ്രാപ്യമെന്ന് കരുതപ്പെട്ട നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയാണ് സച്ചിന്‍ പാഡഴിച്ചത്. 1989-ൽ അരങ്ങേറ്റം കുറിച്ച സച്ചിൻ, 2013-ൽ ക്രിക്കറ്റ് മതിയാക്കും മുമ്പ് വ്യത്യസ്‌ത തലമുറയിലെ നിരവധി കളിക്കാര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സച്ചിന്‍റെ ഈ നീണ്ട കരിയറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സഹതാരമായിരുന്ന ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദർ സെവാഗ്. ഏറെ നീണ്ട പരിശീലനങ്ങളും സ്വയം മെച്ചപ്പെടാനുള്ള കഠിനാധ്വാനവുമാണ് സച്ചിനെ ക്രിക്കറ്റില്‍ ഏറെ കാലം നിലനിര്‍ത്തിയതെന്നാണ് സെവാഗ് പറയുന്നത്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിരാട് കോലിയോട് സച്ചിന്‍ മത്സരിച്ചിരുന്നുവെന്നും സെവാഗ് തുറന്ന് പറഞ്ഞു.
"ഇത്രയും വർഷങ്ങള്‍ കളിക്കാൻ എന്തുകൊണ്ടാണ് സച്ചിൻ ടെണ്ടുൽക്കറിന് കഴിഞ്ഞതെന്ന് നിങ്ങൾക്ക് അറിയാമോ?, അതിന് കാരണം ഓരോ വര്‍ഷത്തിലും തന്‍റെ ബാറ്റിങ്ങില്‍ പുതിയ എന്തെങ്കിലും ചേര്‍ക്കാന്‍ അദ്ദേഹം ശ്രമം നടത്തിയിരുന്നു. ഇതോടൊപ്പം തനിക്ക് എങ്ങനെ സ്വയം മെച്ചപ്പെടാനാകുമെന്നും അദ്ദേഹം ചിന്തിച്ചുകൊണ്ടേയിരുന്നു.
2000-ല്‍ എത്തിയപ്പോള്‍ ഫിറ്റ്‌നസില്‍ ഞങ്ങളേക്കാള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് സച്ചിനായിരുന്നു. പിന്നീട് 2008-ല്‍ വിരാട് കോലി വന്നപ്പോള്‍ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ സച്ചിന്‍ കോലിയുമായി മത്സരത്തിലായിരുന്നു. ഫിറ്റ്നസിന് തന്നെക്കാൾ പ്രാധാന്യവും ശ്രദ്ധയും അദ്ദേഹം നൽകിയിരുന്നു", ഒരു യൂട്യൂബ് ചാനലില്‍ സെവാഗ് പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം, ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരം തുടങ്ങി നിരവധി റെക്കോഡുകളാണ് സച്ചിന്‍റേതായി തകര്‍ക്കപ്പെടാതെ കിടക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ചുറി പിറന്നതും ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ ബാറ്റില്‍ നിന്നായിരുന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ എന്ന നേട്ടം സ്വന്തമാക്കിയ ഏക ബാറ്ററാണ് സച്ചിന്‍. ടെസ്റ്റിലെ 51 സെഞ്ചുറികളും ഏകദിനത്തിലെ 49 സെഞ്ചുറികളുമാണ് സച്ചിന്‍റെ പട്ടികയിലുള്ളത്. ഇന്ത്യയ്‌ക്കായി 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നും 18,426 റണ്‍സുമാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. ഒരു ടി20 മാത്രം കളിച്ച സച്ചിന്‍ 10 റണ്‍സും നേടിയിട്ടുണ്ട്.
സച്ചിനൊപ്പമുള്ള സെവാഗിന്‍റെ ഓപ്പണിങ് ഇന്ത്യന്‍ ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു. ആദ്യ പന്ത് തൊട്ട് ആക്രമിച്ച് കളിക്കുന്ന സെവാഗിന്‍റെ ശൈലി ബോളര്‍മാരെ ഭയപ്പെടുത്തിയതിനൊപ്പം ആദ്ദേഹത്തിന് ഏറെ ആരാധകരെയും നല്‍കി. 1999ല്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയ സെവാഗും 2013ലാണ് കളി മതിയാക്കിയത്.
104 ടെസ്റ്റുകളില്‍ നിന്നും 8,586 റണ്‍സും 251 ഏകദിനങ്ങളില്‍ നിന്നും 8,273 റണ്‍സും 19 ടി20 മത്സരങ്ങളില്‍ നിന്നും 394 റണ്‍സും താരം ഇന്ത്യയ്‌ക്കായി നേടിയിട്ടുണ്ട്. ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ തന്നെ കിരീടമുയര്‍ത്തുമ്പോള്‍ സെവാഗിന്‍റെ സംഭാവന നിര്‍ണായകമായിരുന്നു. തുടര്‍ന്ന് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും സച്ചിനൊപ്പം സെവാഗുമുണ്ടായിരുന്നു.
ALSO READ: IND vs AUS: സൂര്യയ്ക്ക് ഡബിൾ ഗോൾഡൻ ഡക്ക്, കടപ്പാട് സ്റ്റാർക്കിന്