മൊഹാലി: മാർച്ച് 4 ന് മൊഹാലിയിൽ ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിലൂടെ ഇന്ത്യൻ മുൻ നായകൻ വിരാട് കോലി നൂറാം ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിടുകയാണ്. ഈ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിക്കണമെന്ന് ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിൽ കാണികളെ അനുവദിക്കില്ലെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്‌തമാക്കി.
മൊഹാലിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൂടാതെ രണ്ടാം ടെസ്റ്റിന് ശേഷം ബബിൾ ടു ബബിൾ ട്രാൻസ്‌ഫറിലൂടെ ഒട്ടുമിക്ക ഇന്ത്യൻ താരങ്ങൾക്കും അതത് ഐപിഎൽ ടീമുകളിലേക്കും പോകേണ്ടതുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കാണികളെ അനുവദിക്കേണ്ടതില്ലന്ന് അസോസിയേഷൻ നിലപാടെടുത്തത്.
'ഇപ്പോഴും മൊഹാലിയിലും പരിസരത്തും ധാരാളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ശക്‌തമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. മൂന്ന് വർഷത്തിന് ശേഷമാണ് മൊഹാലിയിൽ ഒരു അന്താരാഷ്ട്ര മത്സരം നടക്കുന്നത്. അത് ആരാധകർക്ക് നഷ്‌ടമാകുന്നതിൽ അതിയായ വിഷമമുണ്ട്'. പിസിഎ ട്രഷറർ ആർപി സിംഗ്ല പറഞ്ഞു.
ALSO READ: IND vs SL T20: പരമ്പര പിടിക്കാന്‍ ഇന്ത്യ, പ്രതീക്ഷയോടെ ലങ്ക
അതേസമയം കോലിയുടെ കരിയറിലെ ഈ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുമെന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഇതിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലുടനീളം കോലിയെ അഭിനന്ദിച്ചുകൊണ്ടുള്ള ബോർഡുകളും ബാനറുകളും പ്രദർശിപ്പിക്കുമെന്നും, കോലിയെ ആദരിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.