ദുബായ്: 2022ലെ ഏറ്റവും മികച്ച ടി20 ഇലവനെ പ്രഖ്യാപിച്ച് ഐസിസി. അന്താരാഷ്‌ട്ര മത്സരങ്ങളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ടീം തെരഞ്ഞെടുപ്പ്. ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് നേടിക്കൊടുത്ത ജോസ് ബട്‌ലറാണ് ടീമിന്‍റെ നായകന്‍.
ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍ ഇടം കണ്ടെത്തിയപ്പോള്‍ പാകിസ്ഥാനില്‍ നിന്നും രണ്ട് താരങ്ങളും ടീമിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബട്‌ലറടക്കം രണ്ട് പേരാണ് ഇംഗ്ലണ്ട് നിരയില്‍ നിന്നുള്ളത്. ശ്രീലങ്ക, സിംബാബ്‌വെ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളില്‍ നിന്ന് ഓരോരുത്തര്‍ വീതവും ടീമിലെത്തി. ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകളില്‍ നിന്നും ഒരൊറ്റ താരത്തിന് പോലും ഇടം ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
സൂര്യകുമാര്‍ യാദവ്, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഐസിസിയുടെ ഇലവനില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍. പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാനാണ് ബട്‌ലറുടെ സഹ ഓപ്പണര്‍. മൂന്നും നാലും നമ്പറില്‍ യഥാക്രമം കോലിയും സൂര്യയുമാണ്.
ന്യൂസിലന്‍ഡിന്‍റെ ഗ്ലെന്‍ ഫിലിപ്‌സ്, സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനത്ത്. ഹാര്‍ദിക് പാണ്ഡ്യയും ഇംഗ്ലണ്ടിന്‍റെ സാം കറനുമാണ് പേസ് ഓള്‍ റൗണ്ടര്‍മാര്‍. ശ്രീലങ്കന്‍ സ്‌പിന്നര്‍ വാനിന്ദു ഹസരങ്കയാണ് തുടര്‍ന്നുള്ള സ്ഥാനത്ത്. പാകിസ്ഥാന്‍റെ ഹാരിസ് റൗഫ്, അയര്‍ലന്‍ഡ് ജോഷ് ലിറ്റില്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.
ഇയാന്‍ മോര്‍ഗന്‍റെ വിരമിക്കലോടെ ഇംഗ്ലണ്ടിന്‍റെ പരിമിത ഓവര്‍ ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട ബട്‌ലര്‍ സംഘത്തെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാനിയാണ്. കലണ്ടര്‍ വര്‍ഷത്തില്‍ 15 മത്സരങ്ങളില്‍ നിന്ന് 160.41 പ്രഹരശേഷിയില്‍ 462 റണ്‍സാണ് താരം നേടിയത്.
കഴിഞ്ഞവര്‍ഷം 992 റണ്‍സടിച്ച് കൂട്ടിയ മുഹമ്മദ് റിസ്‌വാന്‍ കലണ്ടര്‍ വര്‍ഷത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പിലൂടെ ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലി ടി20 ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും 276 റണ്‍സ് നേടി ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററായി.
കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സൂര്യകുമാര്‍ യാദവ്. 187.43 പ്രഹരശേഷിയില്‍ 1164 റണ്‍സാണ് താരം നേടിയത്. ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായാണ് സൂര്യ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചത്.
കളിക്കളത്തില്‍ തികഞ്ഞ സ്ഥിരതയാണ് 26കാരനായ ഗ്ലെന്‍ ഫിലിപ്‌സ് പുലര്‍ത്തിയത്. 21 മത്സരങ്ങളില്‍ 156.33 പ്രഹരശേഷിയില്‍ 716 റണ്‍സാണ് കിവീസ് താരം നേടിയത്. സിംബാബ്‌വെക്കായുള്ള ഓള്‍റൗണ്ടര്‍ മികവാണ് റാസയ്‌ക്ക് ടീമില്‍ ഇടം നേടിക്കൊടുത്തത്. 735 റണ്‍സും 25 വിക്കറ്റും താരം കഴിഞ്ഞ വര്‍ഷത്തില്‍ നേടി.
ഇന്ത്യയ്‌ക്കായി 607 റണ്‍സും 20 വിക്കറ്റുമായിരുന്നു ഹാര്‍ദിക്കിന്‍റെ സമ്പാദ്യം. ടി20 ലോകകപ്പിലെ മികച്ച കളിക്കാരനായ തെരഞ്ഞെടുക്കപ്പെട്ട താരമാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടറായ സാം കറണ്‍. ടൂര്‍ണമെന്‍റിലെ ആറ് മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകള്‍ നേടിയ താരത്തിന്‍റെ ബോളിങ് പ്രകടനം ഡെത്ത് ഓവറുകളില്‍ ഇംഗ്ലണ്ടിന് നിര്‍ണായകമായിരുന്നു.
ലോകകപ്പില്‍ 15 വിക്കറ്റ് പ്രകടനമാണ് ഹസരങ്കയെ ടീമിലെത്തിച്ചത്. ഏഷ്യ കപ്പില്‍ ലങ്കയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ ഹസരങ്കയും നിര്‍ണായകമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പിലും ലോകകപ്പിലും തിളങ്ങിയതാണ് ഹാരിസ് റൗഫിന് ടീമിലിടം നേടിക്കൊടുത്തത്.
കലണ്ടര്‍ വര്‍ഷത്തില്‍ 31 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം പാക് ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ്. കഴിഞ്ഞ വര്‍ഷത്തെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതായിരുന്നു ജോഷ് ലിറ്റില്‍. 39 വിക്കറ്റുകളാണ് താരം നേടിയത്. ഇതില്‍ 11 വിക്കറ്റുകള്‍ ടി20 ലോകകപ്പിലേതാണ്.
ALSO READ: കിട്ടേണ്ടിയിരുന്നത് മുട്ടന്‍ പണി; താക്കീതില്‍ രക്ഷപ്പെട്ട് ഇഷാന്‍ കിഷന്‍