ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമുള്ള വിരാട് കോലിയുടെ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചയായിരുന്നു. മുന്‍ നായകന്‍ എംഎസ് ധോണിയുമായി തന്‍റെ ബന്ധത്തിന്‍റെ ആഴം വെളിപ്പെടുത്തിയ താരം, താന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ധോണി ഒഴികെ മറ്റാരും ഒരു സന്ദേശം പോലും അയച്ചില്ലെന്നാണ് വെളിപ്പെടുത്തിയിരുന്നത്.
'നിങ്ങൾക്ക് ആരോടെങ്കിലും ആത്മാർഥമായ ബഹുമാനവും ബന്ധവും ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് കാണാൻ കഴിയും.' എന്നും താരം പറയുകയും ചെയ്‌തു. ഇപ്പോഴിതാ തന്‍റെ പ്രസ്‌താനയോട് ബന്ധപ്പെടുത്തിയെന്ന രീതിയില്‍ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്‌തിരിക്കുകയാണ് കോലി.
"നിങ്ങളുടെ സന്തോഷത്തിൽ സന്തോഷിക്കുകയും നിങ്ങളുടെ സങ്കടത്തിൽ സങ്കടപ്പെടുകയും ചെയ്യുന്ന ആളുകളെ ശ്രദ്ധിക്കുക. അവർ നിങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്നവരാണ്." എന്നാണ് കോലി കുറിച്ചത്. കോലിയുടെ ഈ പോസ്റ്റും ജന ശ്രദ്ധ നേടുകയാണ്.
നേരത്തെ ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഉപദേശിക്കുന്നവരേയും കോലി പഞ്ഞിക്കിട്ടിരുന്നു. നേരിട്ട് പറയാത്ത കാര്യങ്ങള്‍ക്ക് ഒരു വിലയും നല്‍കില്ലെന്നാണ് താരം പറഞ്ഞത്. തനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വ്യക്തിപരമായി തന്നെ അവരെ സമീപിച്ച് പറയും. അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കോലി പറഞ്ഞു.
അതേസമയം കോലിയുടെ പ്രതികരണത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു. കോലി ആരുടെയെങ്കിലും പേര് മനസില്‍ വച്ചാണ് സംസാരിക്കുന്നതെങ്കില്‍ ആ പേര് വെളിപ്പെടുത്തുകയാണ് ചെയ്യേണ്ടെതെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.
"ഡ്രസ്സിങ് റൂമിന്‍റെ അകത്തെ കാര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. സൗഹൃദം പുലർത്തുന്ന ഒരാളുടെ പേര് അദ്ദേഹം നൽകിയിട്ടുണ്ടെങ്കിൽ, സൗഹൃദം പുലര്‍ത്താത്ത മറ്റുള്ളവരുടെയും പേര് പറയണമായിരുന്നു. കോലി ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ആരുടെയെങ്കിലും പേര് മനസില്‍ വച്ചാണ് സംസാരമെങ്കില്‍ നേരിട്ട് ചോദിക്കുകയാണ് വേണ്ടത്', ഗവാസ്‌കര്‍ പറഞ്ഞു.
ഒരാൾ ക്യാപ്‌റ്റൻസി വിടുമ്പോൾ, ഏറ്റവും നല്ല ഭാഗം സ്വന്തം കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. താന്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ആഘോഷിക്കുകയാണ് ചെയ്‌തതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.
also read: എന്ത് സന്ദേശമാണ് അവന് വേണ്ടത്?; വിരാട് കോലിക്കെതിരെ സുനില്‍ ഗവാസ്‌കര്‍