ഇന്‍ഡോര്‍ : 14 മാസത്തിന് ശേഷം ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന വിരാട് കോലി നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ക്രിക്കറ്റിന്‍റെ കുട്ടി ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് ആകാശ് ചോപ്ര (Akash Chopra on Virat Kohli). ഇന്ന് ഇന്‍ഡോറില്‍ നടക്കുന്ന അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിലൂടെയാണ് വിരാട് കോലി അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. വ്യക്തിപരമായ ചില കാരണങ്ങളെ തുടര്‍ന്ന് താരത്തിന് പരമ്പരയിലെ ആദ്യ മത്സരം നഷ്‌ടപ്പെട്ടിരുന്നു.
ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് വിരാട് കോലി രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന വാദം ആകാശ് ചോപ്ര ഉന്നയിച്ചിരിക്കുന്നത്. സീനിയര്‍ താരങ്ങളായ ഇരുവരെയുമാണ് ലോകകപ്പിലും മാനേജ്‌മെന്‍റ് ഓപ്പണര്‍മാരാക്കാന്‍ പദ്ധതിയിടുന്നതെങ്കില്‍ ആ യാത്ര തുടങ്ങാനുള്ള ഏറ്റവും മികച്ച സമയമാണ് ഇത്. അതുകൊണ്ട് തന്നെ അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ വിരാട് കോലി ഓപ്പണറാകണം എന്നാണ് ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
'വിരാട് കോലിക്ക് ഒരു കളി ശൈലിയുണ്ട്. ആ ശൈലിയിലാണ് അദ്ദേഹം എപ്പോഴും റണ്‍സ് കണ്ടെത്തുന്നത്. ടി20യില്‍ പോലും നേരിടുന്ന ആദ്യ പന്തില്‍ അപൂര്‍വമായി മാത്രമെ കോലി ബൗണ്ടറി നേടാറുള്ളു.
സമയം എടുത്താണ് കോലി റണ്‍സ് അടിക്കുന്നത്. 150 പ്രഹരശേഷിയില്‍ കോലി കളിക്കണമെങ്കില്‍ അത് പവര്‍പ്ലേയിലാണ് ചെയ്യേണ്ടത്. ന്യൂയോര്‍ക്കിലായാലും വെസ്റ്റ് ഇന്‍ഡീസില്‍ ആയാലും ആദ്യ ആറ് ഓവറുകളാണ് കൂടുതല്‍ റണ്‍സ് പിറക്കാന്‍ സാധ്യത.
അതുകൊണ്ട് തന്നെ ലോകകപ്പില്‍ രോഹിതും കോലിയും ആയിരിക്കണം ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത്. ആ പദ്ധതിയാണ് മാനേജ്‌മെന്‍റിന്‍റെ പരിഗണനയില്‍ ഉള്ളതെങ്കില്‍ അത് ഇവിടെ നിന്നും വേണം ആരംഭിക്കേണ്ടത്.
അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്‌മാന്‍ ഗില്ലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. ജയ്‌സ്വാള്‍ പരിക്കിന്‍റെ പിടിയിലായിരുന്നത് കൊണ്ടായിരുന്നു മാനേജ്‌മെന്‍റിന്‍റെ ഈ തീരുമാനം. ഓപ്പണിങ് സ്ലോട്ടിലേക്ക് ഗില്ലിന് പകരം ജയ്‌സ്വാളിനെയാണ് പരിഗണിക്കുന്നതെന്ന് നിങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
യശസ്വി ജയ്‌സ്വാള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ അവനെയാകും നിങ്ങള്‍ ഓപ്പണറാക്കുക. അവിടെ, വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കുന്നത് അല്ല എന്‍റെ പ്രശ്‌നം. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്.
ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടി20 ബാറ്റാണ് സൂര്യകുമാര്‍. മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്ന സൂര്യ വേണം മത്സരത്തിന്‍റെ ഗതി നിയന്ത്രിക്കേണ്ടത്'- ആകാശ് ചോപ്ര പറഞ്ഞു. സൂര്യ തിരിച്ചെത്തുകയും കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയും ചെയ്‌താല്‍ ഇന്ത്യയുടെ മധ്യനിരയില്‍ കൂടുതല്‍ ഓപ്‌ഷനുകള്‍ പരീക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : 'നിര്‍ണായക ഘടകം അതാണ്'; ടി20 ലോകകപ്പില്‍ രോഹിത്തും കോലിയും കളിക്കുന്നതിനെക്കുറിച്ച് ജാക്ക് കാലിസ്