മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) ഒന്നാം സെമിയില്‍ നാളെ (നവംബര്‍ 15) കിവീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ബാറ്റിലേക്കാണ്. ഈ ലോകകപ്പിലെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് സ്ഥാനം ഉറപ്പിക്കാന്‍ വിരാട് കോലിക്ക് സാധിച്ചിരുന്നു. ആദ്യ റൗണ്ടില്‍ ഇന്ത്യ കളിച്ച ഒമ്പത് മത്സരങ്ങളിലും സ്ഥിരതയോടെ ബാറ്റ് വീശിയ കോലി നേടിയെടുത്തത് 99 ശരാശരിയില്‍ 594 റണ്‍സ്.
ഈ ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ ഇതിനോടകം തന്നെ നേടാന്‍ കോലിക്കായിട്ടുണ്ട്. കൂടാതെ അഞ്ച് അര്‍ധ സെഞ്ച്വറികളും താരത്തിന്‍റെ നിലവിലെ ഫോം വ്യക്തമാക്കുന്നതാണ്. ലോകകപ്പിലെ ഇതുവരെയുള്ള അതേ പ്രകടനമാണ് കോലിയില്‍ നിന്നും ആരാധകര്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിലും പ്രതീക്ഷിക്കുന്നത്.
എന്നാല്‍, ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യമാണ് ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ വിരാട് കോലിയുടെ പ്രകടനങ്ങള്‍. ഇതുവരെയുള്ള പ്രകടനങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഒരിക്കലും കോലിക്ക് രാജാവാകാന്‍ സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. 2011-2019 വരെ ലോകകപ്പിന്‍റെ സെമിയിലും ഫൈനലിലുമായി നാല് മത്സരങ്ങള്‍ കളിച്ച വിരാട് കോലി ആകെ നേടിയത് 46 റണ്‍സാണ് (Virat Kohli Stats In Cricket World Cup Knock Out Matches).
വിരാട് കോലിയുടെ കരിയറിലെ ആദ്യ ലോകകപ്പായിരുന്നു 2011ലേത്. ആ ലോകകപ്പിന്‍റെ സെമിയില്‍ പാകിസ്ഥാനെതിരെ വിരാട് കോലിക്ക് നേടാനായത് 9 റണ്‍സ് മാത്രമാണ്. 2011 ലോകകപ്പിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 35 റണ്‍സ് നേടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.
ലോകകപ്പ് സെമി, ഫൈനല്‍ പോരാട്ടങ്ങളിലെ വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ വിക്കറ്റ് നഷ്‌ടമായ ശേഷം ക്രീസിലേക്ക് എത്തിയ വിരാടിന് ഈ മത്സരത്തില്‍ ഗൗതം ഗംഭീറുമായി ചേര്‍ന്ന് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചിരുന്നു.
2015ലെ ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെയും 2019ല്‍ ന്യൂസിലന്‍ഡിനെതിരെയും ഒരു റണ്‍സ് മാത്രമാണ് മുന്‍ ഇന്ത്യന്‍ നായകന് നേടാന്‍ സാധിച്ചിട്ടുള്ളത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്‌ക്ക് തോല്‍വിയായിരുന്നു ഫലം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കോലി നോക്കൗട്ട് മത്സരങ്ങളിലെ റണ്‍വരള്‍ച്ച അവസാനിപ്പിക്കുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.