ദുബായ്: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി. ഒക്ടോബറിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരുഷ വിഭാഗം പുരസ്‌കാരം വിരാട് കോലിക്ക്. ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പിലെ മിന്നും പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
സിംബാബ്‌വെയുടെ സിക്കന്ദർ റാസ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ എന്നിവരെ പിന്തള്ളിയാണ് കോലിയുടെ നേട്ടം. 34കാരനായ കോലിയുടെ കരിയറിലെ ആദ്യ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരമാണിത്. ഒക്‌ടോബറില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നും 205 റണ്‍സാണ് കോലി അടിച്ച് കൂട്ടിയത്.
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിരോചിത പ്രകടനമുള്‍പ്പെടെയാണ് പുരസ്‌കാര നേട്ടത്തോടെ വിലയിരുത്തപ്പെട്ടത്. പാകിസ്ഥാനെതിരെ തോല്‍വിയുടെ വക്കില്‍ നിന്ന് ഇന്ത്യയെ കോലി പുറത്താവാതെ പൊരുതി നേടിയ അര്‍ധ സെഞ്ച്വറിയായിരുന്നു വിജയത്തിലേക്ക് നയിച്ചത്. പുരസ്‌കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് കോലി പ്രതികരിച്ചു.
"ഒക്ടോബറിലെ ഐസിസിയുടെ പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ ഉള്‍പ്പെടെ ചേര്‍ന്ന് നല്‍കിയ ഈ അംഗീകാരം സവിശേഷപ്പെട്ടതാണ്. എന്നോടൊപ്പം പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
കഴിവിന്‍റെ പരമാവധി പ്രകടനം നടത്താൻ എന്നെ പിന്തുണയ്ക്കുന്ന ടീമംഗങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു", കോലി പറഞ്ഞു. പാകിസ്ഥാന്‍റെ വെറ്ററൻ ഓൾറൗണ്ടർ നിദ ദാറാണ് വനിത വിഭാഗം പുരസ്‌കാര ജേതാവ്. വനിത ഏഷ്യ കപ്പിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.
ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് നിദയ്‌ക്കുള്ളത്. ടൂര്‍ണമെന്‍റില്‍ 72.50 ശരാശരയില്‍ 145 റണ്‍സും എട്ടുവിക്കറ്റും സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
also read: "അയാള്‍ നമ്മൾ വിചാരിച്ചയാളല്ല, വന്നത് അന്യഗ്രഹത്തില്‍ നിന്ന്"; സൂര്യയെ വാനോളം പുകഴ്‌ത്തി വസീം അക്രം