ഹൈദരാബാദ്: കായിക താരങ്ങളുടെ മാനസികാരോഗ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. മോശം ഫോമിനെത്തുടര്‍ന്ന് വലഞ്ഞിരുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി അടുത്തിടെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. തനിക്ക് കടന്ന് പോകേണ്ടി വന്ന കഠിനമായ സാഹചര്യങ്ങളെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്.
ഇതിനിടെ ക്രിക്കറ്റില്‍ നിന്നുമെടുത്ത ഇടവേളയ്‌ക്ക് ശേഷമാണ് താരം ഫോമിലേക്ക് മടങ്ങിയത്തിയത്. കായിക താരങ്ങൾ നേരിടുന്ന സമ്മർദത്തെക്കുറിച്ചും കോലിയുടെ മടങ്ങി വരവിനെക്കുറിച്ചും സ്‌പോർട്‌സ് ആൻഡ് പെർഫോമൻസ് സൈക്കോളജിസ്റ്റ് ഡോ.നാനകി ജെ. ചദ്ദ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
പുരുഷന്മാര്‍ തങ്ങളുടെ വികാരങ്ങള്‍ ഉള്ളിലൊതുക്കണമെന്ന സാമ്പ്രദായിക കാഴ്‌ചപ്പാടിനെ പൊളിച്ചെഴുതുകയാണ് കോലി ചെയ്‌തതെന്ന് ഡോ.നാനകി ജെ. ചദ്ദ പറഞ്ഞു.
ചോദ്യം 1: ഒരുമാസം നീണ്ട ഇടവേളയ്‌ക്ക് ശേഷം വ്യത്യസ്‌തനായാണ് കോലി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഈ കാലയളവില്‍ താന്‍ ബാറ്റ് തൊട്ടിരുന്നില്ലെന്ന് താരം വെളിപ്പെടുത്തുകയും ചെയ്‌തു. എന്തുകൊണ്ടാണ് താരങ്ങള്‍ കുറച്ച് കാലത്തേക്ക് കായികരംഗത്ത് നിന്നും വിട്ടുനിൽക്കേണ്ടതെന്ന് നിങ്ങൾ കരുതുന്നത്?
ഉത്തരം: എലൈറ്റ് അത്‌ലറ്റുകൾ പലതരം സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. നിരന്തര യാത്രകൾ, മറ്റുള്ളവരിൽ നിന്നുള്ള അമിത പ്രതീക്ഷകള്‍ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. വിരാട് കോലിയെപ്പോലുള്ള അത്‌ലറ്റുകൾ തുടർച്ചയായ വിലയിരുത്തലുകള്‍ക്കും വിധേയരാകുന്നു.
അവരുടെ വ്യക്തിഗതമോ പ്രൊഫഷണലോ ആയ തീരുമാനങ്ങളില്‍ മറ്റുള്ളവര്‍ക്കും അഭിപ്രായങ്ങളുണ്ടാവും. പതിവ് പരിശീലന ഷെഡ്യൂളുകൾക്ക് പുറമേ ഇവയും കൈകാര്യം ചെയ്യേണ്ടി വരുന്നത് അത്ര സുഖകരമല്ല. മത്സരാധിഷ്ഠിത സ്‌പോർട്‌സ് തീർച്ചയായും ശാരീരികമായി വെല്ലുവിളി നിറഞ്ഞതാണ്.
ഇതോടൊപ്പം മാനസികവും വൈകാരികവുമായ തളർച്ചയ്ക്ക് കാരണമായേക്കാവുന്ന നിരവധി സമ്മർദങ്ങളും നേരിടേണ്ടി വരും. ഇതവര്‍ക്ക് സ്‌പോർട്‌സിനോടുള്ള സ്‌നേഹം നഷ്‌ടപ്പെടുത്തുന്നതിന് കാരണമായേക്കാം. ഇക്കാരണത്താലാണ് അവര്‍ ഒരു ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നത്.
അത്‌ലറ്റുകള്‍ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് അവരെ മാനസികമായി കൂടി മെച്ചപ്പെടാനും പുതിയ ഊര്‍ജത്തോടെ മടങ്ങിയെത്താനും സഹായിക്കും.
ചോദ്യം 2: വളരെ ശക്തമായ മാനസികാവസ്ഥയുള്ള താരമായാണ് വിരാട് കോലിയെ വിലയിരുത്തുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ തനിക്ക് താനായിരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും തീവ്രതയോടെ ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും കോലി പറഞ്ഞിരുന്നു. ഒരു സ്‌പോർട്‌സ് സൈക്കോളജിസ്റ്റ് എന്ന നിലയിൽ ഒരു കായിക താരം അവന്‍റെ /അവളുടെ മാനസികാരോഗ്യം മികച്ചതാണെന്ന് ഉറപ്പാക്കാൻ എന്താണ് ചെയ്യേണ്ടത്?.
ഉത്തരം: മാനസികാരോഗ്യവുമായി ബന്ധപ്പട്ട് ഇന്ത്യയിലെയും ലോകത്തെയും നിരവധി കായിക താരങ്ങള്‍ അടുത്തിടെ സംസാരിച്ചിരുന്നു. ഉദാഹരണത്തിന്, 2019 ൽ, ഓസ്‌ട്രേലിയയുടെ സ്റ്റാർ ബാറ്റര്‍ ഗ്ലെൻ മാക്‌സ്‌വെൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ക്രിക്കറ്റിൽ നിന്നും ഇടവേള എടുക്കാൻ തീരുമാനിച്ചു.
അതുപോലെ, ഏഴ് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിമോൺ ബൈൽസ് 2020ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നിന്നും പിന്മാറിയതിനുശേഷം ജിംനാസ്റ്റിക്‌സിൽ നിന്ന് അനിശ്ചിതകാല ഇടവേളയിലാണ്.
ഒന്നാമതായി, കായിക താരങ്ങള്‍ക്ക് മനഃശാസ്ത്രപരമായ പിന്തുണ നൽകുന്നത് മത്സരങ്ങളുടെ സമ്മർദങ്ങളെ നേരിടാൻ അവർക്ക് കഴിയുമെന്ന് ഉറപ്പാക്കുന്നതാണ്. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ സപ്പോർട്ട് സ്റ്റാഫിലേക്ക് പാഡി അപ്‌ടണിനെ അടുത്തിടെ വീണ്ടും നിയമിച്ചത് ശരിയായ ദിശയിലേക്കുള്ള പ്രോത്സാഹജനകമായ ചുവടുവയ്‌പ്പാണ്.
രണ്ടാമതായി, കൂടുതല്‍ അല്ലെങ്കില്‍ കഠിനമായി പരിശീലിപ്പിക്കുമ്പോൾ പ്രകടനം മികച്ചതായിരിക്കുമെന്ന് പല അത്‌ലറ്റുകള്‍ക്കും തോന്നാറുണ്ട്. ഇത് അസത്യമാണ്. കായികതാരങ്ങൾ മതിയായ വിശ്രമം നേടുകയും അവരുടെ കായിക മേഖലയുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.
അവസാനമായി, അത്ലറ്റുകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കൂടുതൽ പിന്തുണയുള്ള അന്തരീക്ഷം പരിശീലകർ സൃഷ്‌ടിക്കേണ്ടതുണ്ട്. ഇതിനായി അവർക്ക് സ്പോർട്‌സ് സൈക്കോളജിസ്റ്റുകളുമായും സഹകരിച്ച് പ്രവർത്തിക്കാവുന്നതാണ്.
ചോദ്യം മൂന്ന്: ഏഷ്യ കപ്പില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഭാര്യ അനുഷകയ്‌ക്കും കോലി നന്ദി പറഞ്ഞിരുന്നു. ഒരു കായിക താരം നേരിടുന്ന പ്രതിബന്ധങ്ങളെ മറികടക്കാൻ ഒരു പങ്കാളിക്ക് എത്രത്തോളം സഹായിക്കാനാകും?
ഉത്തരം: കായിക രംഗത്ത് മാത്രമല്ല എല്ലാ പ്രൊഫഷനിലും സാമൂഹിക പിന്തുണ നിർണായകമാണ്. ഇക്കാര്യത്തില്‍ യാതൊരു വ്യത്യാസവുമില്ല. ഇത് മാതാപിതാക്കളിൽ നിന്നോ പരിശീലകരിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ പങ്കാളികളില്‍ നിന്നോ ആകാം.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ ഒരു കായികതാരത്തെ ഇത്തരം പിന്തുണയ്‌ക്ക് കാര്യമായി സഹായിക്കാനാകും. ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ പോലും അടുത്തിടെ ഭാര്യ മിർക്കയുടെയും കുട്ടികളുടെയും പിന്തുണയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. മിക്കപ്പോഴും, ഇത് ശ്രദ്ധിക്കപ്പെടാത്തതും വേണ്ടത്ര വിലമതിക്കാത്തതുമായ ഒരു ഘടകമാണ്.
ചോദ്യം നാല്: രാജ്യത്തിനായുള്ള മികച്ച പ്രകടനം, ബ്രാൻഡ് പ്രമോഷനുകൾ തുടങ്ങി നിരവധിയായ പ്രതിബദ്ധതയാണ് കായിക താരങ്ങള്‍ക്കുള്ളത്. ഒരു അത്‌ലറ്റിന്‍റെ മാനസികാരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ ഇതെല്ലാം കുറയ്ക്കുകയോ ക്രമീകരിക്കുകയോ ചെയ്യണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഉത്തരം: അതെ, തീര്‍ച്ചയായും ഇവ ക്രമീകരിക്കപ്പെടേണ്ടതുണ്ട്. അത്‌ലറ്റുകള്‍ ഒന്നുകിൽ മത്സരങ്ങളിലും പരിശീലനങ്ങളിലും ഇതുമായി ബന്ധപ്പെട്ടുള്ള യാത്രകളിലോ അല്ലെങ്കില്‍ മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് എപ്പോഴും തിരക്കിലാണ്.
ആവശ്യമായ ഇടവേളയ്‌ക്കും വിശ്രമത്തിനും അനുവദിക്കാത്ത തിരക്കേറിയ ഷെഡ്യൂളുകൾ കളിക്കളത്തിലെ അവരുടെ പ്രകടനത്തെ ബാധിക്കും. മറിച്ചാണെങ്കില്‍ അതിന്‍റെ അനന്തര ഫലങ്ങള്‍ ഏറെ വ്യാപ്‌തിയുള്ളതാണ്. ശാരീരികവും വൈകാരികവുമായ തളർച്ചയിലേക്കാണ് ഇതെത്തിക്കുക.
ചോദ്യം അഞ്ച്: വിരാട് കോലിയെപ്പോലുള്ള ചില പുരുഷ കായിക താരങ്ങളെ തികച്ചും കരുത്തുറ്റവരായാണ് കണക്കാക്കുന്നത്. എന്നാല്‍ തന്‍റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും മറ്റും അദ്ദേഹം തുറന്നു പറഞ്ഞു. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹം കരുത്തരെന്ന് വിലയിരുത്തപ്പെടുന്ന കളിക്കാര്‍ക്ക്, പ്രത്യേകിച്ച് പുരുഷ താരങ്ങള്‍ക്ക് ഇത് എത്രത്തോളം പ്രചോദനമാവും?.
ഉത്തരം: ഇന്ത്യയിൽ, അഭിനവ് ബിന്ദ്രയ്ക്ക് ശേഷം, മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ച ചുരുക്കം ചില അത്‌ലറ്റുകളിൽ ഒരാളാണ് വിരാട് കോലി. പുരുഷന്മാർ ശക്തരായിരിക്കണം, കരയാൻ പാടില്ല എന്നൊക്കെയുള്ള സാമ്പ്രദായിക കാഴ്‌ചപ്പാടിനെ തകർക്കുന്നതാണിത്. ഒരാൾക്ക് അവരുടെ വികാരങ്ങളെ ഒളിപ്പിച്ച് വയ്‌ക്കേണ്ട ആവശ്യമില്ല.
അവ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ അനുവദിക്കുന്ന കാഴ്‌ചപ്പാടാണ് വേണ്ടത്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് കോലി. വലിയ ആരാധക പിന്തുണയാണ് താരത്തിനുള്ളത്.
കോലിയുടെ ഈ തുറന്നുപറച്ചില്‍ കായിക താരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാന്‍ ഉതകുന്നതാണ്. കോലിയുടെ പാത പിന്തുടർന്ന് നിരവധി ഇന്ത്യൻ അത്‌ലറ്റുകൾ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ തുടങ്ങിയിരിക്കുന്നു.