ലോർഡ്‌സ് : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും വിരാട് കോലിക്ക് നഷ്‌ടമായേക്കുമെന്ന് സൂചന. പരിക്കില്‍ നിന്ന് കോലി മുക്തനായിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം ഏകദിനത്തിലും കോലി പുറത്തിരുന്നാൽ താരത്തിന്‍റെ പരിക്ക് കൂടുതൽ ഗുരുതരമാണെന്നാണ് അനുമാനിക്കേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ പറഞ്ഞു.
നാളെയാണ് (ജൂലൈ 14) ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരം. ലോർഡ്‌സില്‍ നാളെ കോലിക്ക് കളിക്കാനാവാതെ വന്നാല്‍ ശ്രേയസ് അയ്യർക്ക് ഒരു അവസരം കൂടി ലഭിക്കും. ആദ്യ ഏകദിനത്തില്‍ ശ്രേയസ് അയ്യരാണ് കോലിക്ക് പകരം പ്ലെയിങ് ഇലവനിലേക്ക് എത്തിയത്.
ആദ്യ ഏകദിനത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് കോലിയെ മാറ്റിനിര്‍ത്തിയതെന്ന് തോന്നി. പക്ഷേ രണ്ടാം ഏകദിനത്തിലും കോലി കളിച്ചില്ലെങ്കില്‍ പരിക്ക് സാരമുള്ളതാണ്. കോലി രണ്ടാം ഏകദിനത്തില്‍ പ്ലെയിങ് ഇലവനിലേക്ക് എത്തിയാല്‍ ശ്രേയസ്, സൂര്യകുമാര്‍ എന്നിവരില്‍ ഒരാള്‍ പുറത്തേക്ക് പോകുമെന്നും പ്രഗ്യാന്‍ ഓജ പറഞ്ഞു.
കോലിയുടെ പരിക്ക് സംബന്ധിച്ച് പുതിയ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. കോലിയുടെ പരിക്ക് സംബന്ധിച്ച് ഓവലിലെ ആദ്യ ഏകദിനത്തിന് മുമ്പാണ് ബിസിസിഐ ഔദ്യോഗികമായി അവസാനം വിവരങ്ങള്‍ പങ്കുവച്ചത്.