മുംബൈ : മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ക്രിക്കറ്റില്‍ നിന്ന് ഇടവേള അനിവാര്യമാണെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. രാജ്യത്തിന് വേണ്ടി ഇനിയും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കുറഞ്ഞത് 6-7 വര്‍ഷത്തെ ക്രിക്കറ്റ് കോലിയില്‍ അവശേഷിക്കുന്നുണ്ട്. അധിക സമ്മദം ഒഴിവാക്കാന്‍ താരം എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കണമെന്ന് ശാസ്ത്രി പറഞ്ഞു.
'രണ്ട് മാസമോ ഒന്നര മാസമോ ആകട്ടെ, ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പോ, ശേഷമോ ആവട്ടെ, അവന് ഒരു ഇടവേള ആവശ്യമാണ്, കാരണം അവനിൽ 6-7 വർഷത്തെ ക്രിക്കറ്റ് അവശേഷിക്കുന്നു, അത് നഷ്‌ടപ്പെടുത്താൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' - ശാസ്‌ത്രി പറഞ്ഞു.
ബയോ ബബിളില്‍ ദീര്‍ഘകാലം ചിലവഴിക്കുന്നത് കളിക്കാരെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അവരെ കൈകാര്യം ചെയ്യേണ്ടത് വളരെ കരുതലോടെയായിരിക്കണമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. കോലിയെ എപ്പോഴും എല്ലാവരും സൂക്ഷ്മമായി നിരീക്ഷിക്കുകയും, വലിയ ഇന്നിങ്സുകള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നതിന്‍റെ സമ്മര്‍ദം താരത്തെ ബാധിക്കാമെന്നും ശാസ്ത്രി വ്യക്തമാക്കി.
ലോക ക്രിക്കറ്റിൽ ഒന്നോ രണ്ടോ കളിക്കാർ ഇതേ പ്രശ്‌നത്തിലൂടെ കടന്നുപോകുന്നുണ്ടാകാമെന്നും അത് മുൻകൂട്ടി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രി പറഞ്ഞു. അതേസമയം കോലിയുടെ തിരിച്ചുവരവിന് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉള്‍പ്പടെയുള്ള ഇടവേള അനിവാര്യമാണെന്ന് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണും അഭിപ്രായപ്പെട്ടു.
70 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയിട്ടുള്ള 33കാരനായ താരം അവസാനമായി ഒരു സെഞ്ചുറി നേടിയിട്ട് രണ്ട് വര്‍ഷങ്ങളായി. ഐപിഎല്ലിലും കോലിക്ക് മികവ് പുലര്‍ത്താനായിട്ടില്ല. ചൊവ്വാഴ്ച ലക്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് കോലി തിരിച്ചുകയറിയത്.
also read: ഐ - ലീഗ് : അപരാജിതരായി തുടർച്ചയായ 17 മത്സരം; പഞ്ചാബിനെയും മറികടന്ന് ഗോകുലം
സീസണില്‍ ഇതേവരെ ഏഴ് മത്സരങ്ങള്‍ക്കിറങ്ങിയ താരം വെറും 119 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ രണ്ട് തവണ മാത്രമാണ് കോലിക്ക് 40ന് മുകളില്‍ റണ്‍സ് നേടാനായത്.