അബുദാബി: മുംബൈ- ബാംഗ്ലൂർ മത്സരത്തിന് ശേഷം ഫോം നഷ്ടപ്പെട്ട് വിഷമിച്ച് നിൽക്കുകയായിരുന്ന ഇഷാൻ കിഷനെ ആശ്വസിപ്പിക്കുന്ന വിരാട് കോലിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതിന് ശേഷം ഹൈദരാബാദിനെതിരായ മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്‌ചവെക്കുന്ന കിഷനെയാണ് നാം കണ്ടത്. അന്ന് മത്സരശേഷം കോലി തന്നോട് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
തന്നെ ടി20 ലോകകപ്പിനുള്ള ടീമിൽ ഓപ്പണറായാണ് എടുത്തതെന്ന് കോലി പറഞ്ഞെന്നാണ് കിഷൻ അറിയിച്ചിരിക്കുന്നത്. 'ലോകകപ്പ് ടീമിലേക്ക് ഇടം നേടിയതിൽ അഭിമാനമുണ്ട്. എന്‍റെ അടുത്തെത്തിയ വിരാട് ഭായി ടീമിൽ എന്നെ ഓപ്പണറായാണ് പരിഗണിക്കുന്നതെന്ന് പറഞ്ഞു. അതിനായി തയ്യാറായി ഇരിക്കണമെന്നും പറഞ്ഞു.
വലിയ തലത്തിലെ മത്സരമാകുമ്പോൾ എത് സാഹചര്യത്തിലും കളിക്കാൻ തയ്യാറായിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്, കിഷൻ പറഞ്ഞു. 'ലോകകപ്പിന് മുന്നോടിയായി ഫോം തിരിച്ചുപിടിക്കാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഒരു ഘട്ടത്തിൽ ഫോം നഷ്‌ടപ്പെട്ട എനിക്ക് എല്ലാ പിന്തുണയും നൽകിയത് വിരാട് ഭായ് ആണ്.
അദ്ദേഹത്തിന്‍റെ വാക്കുകളുടെ പിൻബലത്തിലാണ് ഞാൻ ഫോമിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു', കിഷൻ കുട്ടിച്ചേർത്തു.
ALSO READ : ടി20 ലോകകപ്പ് ജേഴ്‌സിയിൽ ഇന്ത്യക്ക് പകരം യു.എ.ഇ; വിവാദത്തിന് തിരികൊളുത്തി പാകിസ്ഥാൻ
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയ കിഷന്‍റെ ബാറ്റിങ് മികവിലാണ് മുംബൈ കൂറ്റൻ സ്കോർ നേടിയത്. മത്സരത്തിൽ 32 പന്തുകളിൽ നിന്നാണ് താരം 84 റണ്‍സ് നേടിയത്. 16 പന്തിൽ നിന്നാണ് കിഷൻ അർധശതകം പൂർത്തിയാക്കിയത്.