മുംബൈ : ഏകദിന ലോകകപ്പ് കൈവിട്ട ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം വരാനിരിക്കുന്ന ടി20 ലോകകപ്പാണ്. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ടി20 ലോകകപ്പിന് (T20 World Cup 2024) വേണ്ട മുന്നൊരുക്കങ്ങള്‍ ടീം ഇന്ത്യ വരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ (India Tour Of South Africa). ഇതിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത.
സ്ക്വാഡ് പ്രഖ്യാപനത്തിന് മുന്‍പ് ബിസിസിഐ (BCCI) സെക്രട്ടറി ജയ് ഷാ (Jay Shah) ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറുമായി (Ajit Agarkar) കുടിക്കാഴ്‌ച നടത്തുന്നുണ്ട്. ടി20 ലോകകപ്പ് മുന്നോരുക്കങ്ങള്‍ ആയിരിക്കും യോഗത്തില്‍ ചര്‍ച്ചയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് ടി20 ക്രിക്കറ്റില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ഭാവിയാണ് (Virat Kohli Future In T20I Cricket).
കഴിഞ്ഞ ടി20 ലോകകപ്പിലെ ടോപ് സ്കോററായ വിരാട് കോലി ഒരു വര്‍ഷത്തോളമായി ഇന്ത്യയ്‌ക്ക് വേണ്ടി ടി20 മത്സരങ്ങളില്‍ കളിക്കാനിറങ്ങിയിട്ടില്ല. കഴിഞ്ഞ ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു വിരാട് കോലി ഇന്ത്യയ്‌ക്ക് വേണ്ടി അവസാനം കളിച്ചത്. അതിന് ശേഷം പല മത്സരങ്ങളിലും താരത്തെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
എന്നാല്‍, ഏകദിന ലോകകപ്പില്‍ ടോപ് സ്കോറര്‍ ആയതോടെ വിരാട് കോലിയെ ടി20 ലോകകപ്പ് പദ്ധതികളിലും ഉള്‍പ്പെടുത്തിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടി20 പരമ്പരയിലൂടെ കോലി ടി20 ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന - ടി20 പരമ്പരകളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് കോലി തീരുമാനിച്ചിരിക്കുന്നത്.
ഇതോടെയാണ് വിരാട് കോലിയുടെ ടി20 ലോകകപ്പ് ഭാവിയില്‍ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാരംഭിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം അഫ്‌ഗാനിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത ടി20 പരമ്പര. അതിന് ശേഷം ഐപിഎല്‍ മാത്രമാണ് ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്കായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഐപിഎല്ലിലെ പ്രകടനങ്ങള്‍ ആയിരിക്കും വിരാട് കോലിയുടെ ടി20 ലോകകപ്പിലേക്കുളള വരവ് നിശ്ചയിക്കുക എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതും.