ദുബൈ: ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ക്യാപ്റ്റന്‍ വിരാട് കോലി സ്വന്തമാക്കിയത് ഒട്ടേറെ നേട്ടങ്ങള്‍. മത്സരത്തിലെ പ്രകടനത്തോടെ ടി20 ലോകകപ്പില്‍ കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന ഗെയിലിന്‍റെ നേട്ടത്തിനൊപ്പമെത്താനും 10 അര്‍ധ സെഞ്ചുറികള്‍ തികയ്‌ക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡ് സ്വന്തമാക്കാനും താരത്തിനായി.
ഇതുകൂടാതെ പാക്കിസ്ഥാനെതിരെ ഐസിസി ടൂര്‍ണമെന്‍റുകളില്‍ 500 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരം. ടി20 ലോകകപ്പില്‍ അര്‍ധ സെഞ്ചുറി തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടങ്ങിയ നേട്ടങ്ങളും കോലി സ്വന്തം പേരില്‍ കുറിച്ചു. ടീം ബാറ്റിങ് തകര്‍ച്ച നേരിടുമ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ച കോലി 49 പന്തില്‍ 57 റണ്‍സാണ് അടിച്ചെടുത്തത്.
ടി20 ലോകകപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍
10 അര്‍ധ സെഞ്ചുറികള്‍ വീതമുള്ള വിന്‍ഡീസ് താരം ക്രിസ് ഗെയിലും കോലിയുമാണ് ടി20 ലോകകപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ചുറികളുള്ള താരങ്ങള്‍. ഏഴ് അര്‍ധ സെഞ്ചുറികളുള്ള ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ മഹേള ജയവര്‍ധനയാണ് പട്ടികയില്‍ രണ്ടാമതുള്ള താരം. ആറ് അര്‍ധ സെഞ്ചുറികളുമായി രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്.
ഐസിസി ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാനെതിരെ 500 റണ്‍സ്
മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 20-ല്‍ എത്തിയതോടെയാണ് കോലി പാക്കിസ്ഥാനെതിരെ സുപ്രധാന നാഴിക കല്ല് പിന്നിട്ടത്. 11 മത്സരങ്ങളില്‍ നിന്നാണ് കോലി 500 റണ്‍സിലെത്തിയത്. നിലവില്‍ പാക് ടീമിനെതിരേ 543 റണ്‍സ് താരത്തിന്‍റെ പേരിലുണ്ട്.
രോഹിത് ശര്‍മ (10 മത്സരങ്ങളില്‍ 328 റണ്‍സ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ആറ് മത്സരങ്ങളില്‍ 321 റണ്‍സ്), ഷാക്കിബ് അല്‍ ഹസന്‍ (ആറ് മത്സരങ്ങളില്‍ 284 റണ്‍സ്), റോസ് ടെയ്‌ലര്‍ (ഏഴ് മത്സരങ്ങളില്‍ 274 റണ്‍സ്) എന്നിവരാണ് കോലിക്ക് പിന്നിലുള്ളത്.