ദുബൈ : ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് പകരം ഇഷന്‍ കിഷനെ ഓപ്പണറായി ഇറക്കിയതില്‍ പ്രതികരണവുമായി ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍. പരിക്കേറ്റ് പുറത്തായ സൂര്യകുമാര്‍ യാദവിന് പകരമാണ് ഇഷന്‍ കിഷന്‍ ടീമില്‍ ഇടം പിടിച്ചത്.
എന്നാല്‍ മിഡില്‍ ഓര്‍ഡറിന് പകരം ഓപ്പണറായി കെഎല്‍ രാഹുലിനൊപ്പമാണ് താരം കളത്തിലെത്തിയത്. റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പുറമെ മിഡില്‍ ഓര്‍ഡറില്‍ മറ്റൊരു ഇടം കയ്യന്‍ ബാറ്ററെ പരിഗണിക്കാനാവാതിരുന്നതിനാലാണ് ഇഷനെ ഓപ്പണറാക്കിയതെന്ന് വിക്രം റാത്തോര്‍ പറഞ്ഞു.
ടീം മാനേജ്മെന്‍റിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം രോഹിത്തും ഈ തീരുമാനത്തിന്‍റെ ഭാഗമായിരുന്നുവെന്നും റാത്തോര്‍ വിശദീകരിച്ചു. അതേസമയം മത്സരത്തില്‍ മൂന്നാമനായാണ് രോഹിത്ത് കളത്തിലെത്തിയത്. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇറങ്ങി. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാനേ ടീമിന് സാധിച്ചിരുന്നുള്ളൂ.
also read: കോലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മിഷൻ
മറുപടിക്കിറങ്ങിയ കിവീസ് 33 പന്തുകള്‍ ബാക്കി നല്‍ക്കെ വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ജയം പിടിക്കുകയും ചെയ്‌തു. ടി20 ലോകകപ്പിലെ സൂപ്പര്‍ 12പോരാട്ടത്തില്‍ ഇന്ത്യയുടെ രണ്ടാം തോല്‍വിയായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ടീമിന്‍റെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.