രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി (Vijay Hazare Trophy 2023 ) ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരെ കേരളത്തിന് കൂറ്റന്‍ തോല്‍വി. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 200 റണ്‍സിനാണ് രാജസ്ഥാന്‍ കേരളത്തെ മുക്കിയത്. സ്ഥിരം നായകന്‍ സഞ്‌ജു സാംസണ്‍ (Sanju Samson) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്കായി പറന്നതോടെ രോഹന്‍ എസ് കുന്നുമ്മലിന്‍റെ നേതൃത്വത്തിലായിരുന്നു കേരളം കളിച്ചത്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാജസ്ഥാന്‍ മഹിപാല്‍ ലോംറോറിന്‍റെ (Mahipal Lomror) സെഞ്ചുറി കരുത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 267 റണ്‍സായിരുന്നു അടിച്ചത്. കേരളത്തിന്‍റെ മറുപടി 21 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 67 റണ്‍സില്‍ അവസാനിച്ചു. (Vijay Hazare Trophy 2023 Kerala vs Rajasthan highlights).
ബാറ്റിങ്ങിനിടെ പരിക്കേറ്റ് മടങ്ങിയ വിഷ്‌ണു വിനോദിന് പിന്നീട് മടങ്ങിയെത്താനായില്ല. 39 പന്തില്‍ 28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 21 പന്തില്‍ 11 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ എസ് കുന്നുമ്മല്‍ മാത്രമാണ് സച്ചിന് പുറമെ കേരള നിരയില്‍ രണ്ടക്കം തൊട്ടത്. നാല് വിക്കറ്റുകള്‍ വീഴ്‌ത്തി അനികേത് ചൗധരിയും മൂന്ന് വിക്കറ്റെടുത്ത അറാഫത്ത് ഖാനും രണ്ട് വിക്കറ്റ് സ്വന്തമാക്കിയ ഖലീല്‍ അഹമ്മദും ചേര്‍ന്നാണ് കേരളത്തെ തകര്‍ത്തത്.
ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ കേരളത്തിന് സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ തന്നെ ആദ്യ പ്രഹരമേറ്റു. 4-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഓപ്പണര്‍ കൃഷ്ണ പ്രസാദിനെ(16 പന്തില്‍ 7) വീഴ്ത്തിയ അറാഫത്ത് ഖാനാണ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ മുഹമ്മദ് അസഹ്റുദ്ദീനെ(10 പന്തില്‍ 3) ഏഴാം ഓവറില്‍ അവസാന പന്തില്‍ ഖലീല്‍ അഹമ്മദ് തിരിച്ച് കയറ്റി.
തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെ (21 പന്തില്‍ 11) ബൗള്‍ഡാക്കി അനികേത് ചൗധരിയും വിക്കറ്റ് വേട്ട തുടങ്ങി. വിഷ്ണു വിനോദ് വന്നപാടെ പരിക്കേറ്റ് മടങ്ങിയത് കേരളത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പിന്നീട് സച്ചിന്‍ ബേബി ഒരറ്റത്ത് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ശ്രേയസ് ഗോപാല്‍ (5 പന്തില്‍ 0), അബ്‌ദുള്‍ ബാസിത് (17 പന്തില്‍ 1) എന്നിവരെ കുനാല്‍ സിങ്ങിന്‍റെ കയ്യിലെത്തിച്ച അനികേത് ചൗധരി കേരളത്തിന് തുടര്‍ പ്രഹരം നല്‍കി.
അഖില്‍ സ്കറി (2 പന്തില്‍ 1), വൈശാഖ് ചന്ദ്രന്‍ (1 പന്തില്‍ 0) എന്നിവരെ തൊട്ടടുത്ത പന്തുകളില്‍ വീഴ്‌ത്തിക്കൊണ്ട് അറാഫത്ത് ഖാനും അടങ്ങിയിരുന്നില്ല. പിന്നീട് ബേസില്‍ തമ്പിയെ (7 പന്തില്‍ 5) ബൗള്‍ഡാക്കി അനികേത് ചൗധരി നാല് വിക്കറ്റ് തികച്ചപ്പോള്‍ സച്ചിന്‍ ബേബിയെ (28) വീഴ്‌ത്തിയ ഖലീല്‍ അഹമ്മദ് കേരളത്തിന്‍റെ കഥയും തീര്‍ത്തു. അഖിന്‍ സത്താര്‍ (7 പന്തില്‍ 0) പുറത്താവാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി മഹിപാല്‍ ലോംറോര്‍ 114 പന്തില്‍ പുറത്താവാതെ 122 റണ്‍സായിരുന്നു നേടിയിരുന്നത്. ആറ് വീതം ബൗണ്ടറികളും സിക്‌സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. കുനാല്‍ സിങ് റാത്തോഡും (52 പന്തില്‍ 66) നിര്‍ണായകമായി. അഭിജീത് തോമര്‍ (27 പന്തില്‍ 15), ദീപക് ഹൂഡ (34 പന്തില്‍ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. കേരളത്തിനായി അഖിന്‍ സത്താര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
ALSO READ: രോഹിത് യോ യോ ടെസ്റ്റ് പാസായിട്ടുണ്ടോ? ; മറുപടിയുമായി ഇന്ത്യയുടെ ഫിറ്റ്‌നസ് കോച്ച്