ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023ലെ (Cricket World Cup 2023) ആദ്യ അട്ടിമറിക്കായിരുന്നു ഇന്നലെ (ഒക്‌ടോബര്‍ 15) ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയം സാക്ഷിയായത്. ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്‌ഗാനിസ്ഥാന്‍റെ വിസ്‌മയക്കുതിപ്പിന് മുന്നില്‍ നിലവിലെ ഏകദിന, ടി20 ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. 69 റണ്‍സിനായിരുന്നു മത്സരത്തില്‍ ഇംഗ്ലീഷ് പടയുടെ തോല്‍വി (England vs Afghanistan Match Result).
ഇതോടെ, ഐസിസിയുടെ ടെസ്റ്റ് പദവിയുള്ള 11 രാജ്യങ്ങളോടും ലോകകപ്പില്‍ തോല്‍ക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി (England became the first team in Cricket World Cup history to lose to all Test playing nations). 1975ല്‍ ചിരവൈരികളായ ഓസ്‌ട്രേലിയയോടായിരുന്നു ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ തോല്‍വി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലീഷ് നിരയെ ലോകകപ്പ് മത്സരത്തില്‍ തകര്‍ത്തെറിഞ്ഞിരുന്നു (Unwanted Record For England).
1983ല്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അവരുടെ ആദ്യ ജയം സ്വന്തമാക്കിയത്. പിന്നാലെ, 1987ല്‍ നടന്ന ലോകകപ്പില്‍ പാകിസ്ഥാന്‍ ആയിരുന്നു ഇംഗ്ലീഷ് പടയെ വീഴ്‌ത്തിയത്. 1992ലാണ് ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് നടന്നത്.
സിംബാബ്‌വെയായിരുന്നു അന്ന് ഇംഗ്ലീഷ് നിരയെ തച്ചുതകര്‍ത്തത്. 1996ലെ ലോകകപ്പില്‍ ശ്രീലങ്കയും ആദ്യമായി ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. അതേവര്‍ഷം തന്നെയാണ് ദക്ഷിണാഫ്രിക്കയും ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടിനെ തകര്‍ത്തത്.
2011ല്‍ ബംഗ്ലാദേശ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളോടും ഇംഗ്ലണ്ട് തോല്‍വി വഴങ്ങി. അതിന് ശേഷമാണ് ഇപ്പോള്‍ നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് അഫ്‌ഗാനിസ്ഥാന് മുന്നിലും തകര്‍ന്നുവീണത്.
ഏത് സ്കോറും പിന്തുടരാന്‍ പോന്ന ബാറ്റിങ് നിര തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന ആത്മവിശ്വാസം കൊണ്ടായിരിക്കാം ടോസ് നേടിയപാടെ അഫ്‌ഗാനെ ബാറ്റിങ്ങിനയക്കാന്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ തീരുമാനിച്ചത്. എന്നാല്‍, ഇംഗ്ലീഷ് നായകന്‍റെ തീരുമാനം തെറ്റായിപ്പോയെന്നത് ഊട്ടിയുറപ്പിച്ച പ്രകടനമായിരുന്നു പിന്നീട് അഫ്‌ഗാന്‍ ബാറ്റര്‍മാര്‍ നടത്തിയത്. റഹ്മാനുള്ള ഗുര്‍ബാസ് നല്‍കിയ തകര്‍പ്പന്‍ തുടക്കവും മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലിഖിലിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനവും വാലറ്റത്ത് മുജീബ് ഉര്‍ റഹ്മാനും റാഷിദ് ഖാനും ചേര്‍ന്ന് നടത്തിയ പോരാട്ടവും അവര്‍ക്ക് 284 എന്ന മികച്ച സ്കോര്‍ സമ്മാനിച്ചു.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്‍റെ തുടക്കം തന്നെ പാളി. സ്കോര്‍ ബോര്‍ഡില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ നാല് വിക്കറ്റും അവര്‍ക്ക് നഷ്‌ടമായി. മധ്യനിരയില്‍ ഹാരി ബ്രൂക്ക് അര്‍ധസെഞ്ച്വറിയുമായി പൊരുതി നോക്കിയെങ്കിലും ടീമിനെ രക്ഷപ്പെടുത്താന്‍ താരത്തിനും സാധിച്ചില്ല.
Read More : England vs Afghanistan Highlights ചാമ്പ്യന്മാരെ അട്ടിമറിച്ച് അഫ്‌ഗാനിസ്ഥാന്‍, ഇംഗ്ലണ്ടിനെതിരെ 69 റണ്‍സ് ജയം
തങ്ങളുടെ കരുത്ത് സ്പിന്‍ ബൗളിങ് തന്നെയാണെന്ന് വ്യക്തമാക്കുന്ന പ്രകടനമായിരുന്നു അഫ്‌ഗാന്‍റേത്. പ്രീമിയം സ്പിന്നര്‍മാരായ മുജീബും റാഷിദും ചേര്‍ന്ന് മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മുന്‍ നായകന്‍ മുഹമ്മദ് നബിയും മത്സരത്തില്‍ അഫ്‌ഗാന് വേണ്ടി 2 വിക്കറ്റുകള്‍ നേടിയിരുന്നു.