ഹൈദരാബാദ്: യുവരാജ് സിങ്, വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍ അങ്ങനെ നിരവധി പ്രതിഭകളാണ് അണ്ടര്‍ 19 തലത്തിലൂടെ വന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അവിഭാജ്യഘടകമായി മാറിയത്. ആ കൂട്ടത്തിലേക്ക് പേരുചേര്‍ക്കാനുള്ള അവസരമാണ് ഇന്ത്യയുടെ കൗമാരപ്പടയ്‌ക്ക് ഇപ്പോള്‍ വന്ന് ചേര്‍ന്നിരിരിക്കുന്നത്. അതും ലോകകപ്പ് വേദിയിലൂടെ.
ദക്ഷിണാഫ്രിക്കയില്‍ അണ്ടര്‍ 19 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. ആദ്യ ദിനം അയര്‍ലന്‍ഡ്, യുഎസ്‌എ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുടെ കൗമാരപ്പട കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാളെയാണ് ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്. അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ആറാം കിരീടമാണ് ഇപ്രാവശ്യം ഇന്ത്യ നോട്ടമിടുന്നത്. ആ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഇന്ത്യന്‍ നിരയ്‌ക്ക് കരുത്ത് പകരുമെന്ന് കരുതുന്ന ചിലരെ പരിചയപ്പെടാം.
അര്‍ഷിന്‍ കുല്‍ക്കര്‍ണി : ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ നിലവിലെ അണ്ടര്‍ 19 ടീമിലെ സുപരിചിത മുഖം. ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറാണ് 18കാരനായ ഈ മഹാരാഷ്‌ട്രക്കാരന്‍. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ബിഗ് ഹിറ്റുകള്‍ കൊണ്ടും റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം.
അണ്ടര്‍ 19 തലത്തില്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും 51.50 ശരാശരിയില്‍ 206 റണ്‍സ് അര്‍ഷിന്‍ നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനൊപ്പമാണ് താരം ഉണ്ടാകുക.
മുഷീര്‍ ഖാന്‍ : അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ പോലെ തന്നെ ഇന്ത്യന്‍ കൗമാരപ്പടയിലെ മറ്റൊരു ഓള്‍ റൗണ്ടര്‍. ഇടം കയ്യന്‍ സ്പിന്നര്‍ കൂടിയാണ് താരം.
രഞ്ജി ട്രോഫിയില്‍ ഇതിനോടകം തന്നെ മുംബൈയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്ന സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ കൂടിയാണ് മുഷീര്‍
ആരവേലി അവനീഷ് : 2024 ഐപിഎല്ലിന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ അണ്ടർ 19 താരങ്ങളില്‍ ഒരാള്‍.
എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സാണ് ഇന്ത്യന്‍ കൗമാരപ്പടയിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അവനീഷിനെ കഴിഞ്ഞ താരലേലത്തില്‍ സ്വന്തമാക്കിയത്. ലോവര്‍ ഓര്‍ഡറിലാണ് പലപ്പോഴും താരം ബാറ്റ് ചെയ്യാനെത്തുന്നത്.
ഉദയ് സഹാറൻ : ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിന്‍റെ ക്യാപ്‌റ്റനാണ് ഉദയ് സഹാറൻ. കൂടാതെ, ടീമിലെ ഏറ്റവും പ്രായം കൂടിയ താരവും.
ലോകകപ്പിന്‍റെ സന്നാഹ മത്സരങ്ങളില്‍ ഉള്‍പ്പടെ ബാറ്റുകൊണ്ട് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെയ്ക്കാന്‍ ഉദയ്ക്ക് സാധിച്ചിട്ടുണ്ട്.
ആദര്‍ശ് സിങ് : അണ്ടര്‍ 19 ക്രിക്കറ്റില്‍ കഴിഞ്ഞ 12 മാസത്തിനിടെ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ഓപ്പണിങ് ബാറ്റര്‍. കഴിഞ്ഞ ആറ് ഇന്നിങ്സില്‍ 77 ശരാശരിയില്‍ താരം നേടിയത് 308 റണ്‍സ്.
അര്‍ഷിന്‍ കുല്‍ക്കര്‍ണിയ്‌ക്കൊപ്പം ലോകകപ്പില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ആദര്‍ശ് സിങ് ആയിരിക്കും.
Also Read : കൗമാരപ്പടയുടെ 'ക്രിക്കറ്റ് പൂരം' ; അണ്ടര്‍ 19 ലോകകപ്പ് ഇന്ന് തുടങ്ങും, ഇന്ത്യയുടെ ആദ്യ മത്സരം നാളെ